ലക്നൗ : രാമലല്ലയുടെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം ശ്രീരാമനുമായി ബന്ധപ്പെട്ട ചരിത്രചിഹ്നങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. അയോദ്ധ്യയിൽ സ്ഥിതി ചെയ്യുന്ന ദശരഥ് മഹലാണ് പുനരുജ്ജീവിപ്പിക്കുന്നത്.
ത്രേതായുഗത്തിലാണ് ദശരഥ് മഹാരാജ് ഈ കൊട്ടാരം സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ഈ ദശരഥ് മഹലിൽ വരുന്ന ആളുകൾക്ക് ഭഗവാൻ ശ്രീരാമന്റെ ബാല്യകാല കാൽപ്പാടുകൾ കാണാനാകും . 2021 ഫെബ്രുവരിയിലാണ് യോഗി സർക്കാർ ദശരഥ് മഹൽ മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
യോഗി സർക്കാർ ദശരഥ് മഹലിൽ സത്സംഗഭവൻ, പുതിയ പ്രവേശന കവാടം, രാത്രി വിശ്രമകേന്ദ്രം, ഭക്തരുടെ സഹായകേന്ദ്രം എന്നിവ നിർമ്മിച്ചു. മൂന്ന് കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ശേഷിക്കുന്ന ജോലികൾ 2024 ജനുവരി 22-നകം പൂർത്തിയാക്കും. ദശരഥ മഹൽ മനോഹരമാക്കാനുള്ള പദ്ധതി 2013ൽ അഖിലേഷ് സർക്കാരിന്റെ കാലത്താണ് ഉണ്ടാക്കിയതെങ്കിലും അത് കടലാസിൽ മാത്രമായി ഒതുങ്ങി.
ദശരഥ് മഹലിൽ നിർമിച്ച താമസകേന്ദ്രത്തിന്റെയും ഭക്തരുടെ സഹായ കേന്ദ്രത്തിന്റെയും നിർമ്മാണം പൂർത്തിയായി. പ്രവേശന കവാടത്തിന്റെ പണിയും ഏതാണ്ട് പൂർത്തിയായി. ഇപ്പോൾ സത്സംഗഭവനുമായി ബന്ധപ്പെട്ട് നിർമ്മാണം നടക്കുന്നുണ്ട്.
ഈ സത്സംഗഭവനിൽ 300 മുതൽ 350 വരെ ഭക്തർക്ക് ഒരുമിച്ചിരുന്ന് ഒരേസമയം കീർത്തനം ആലപിക്കാം . പുതിയ തരം ലൈറ്റിംഗും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകൾ ചിത്രങ്ങളായി ചുവരുകളിലുണ്ട് .