കൊച്ചി: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സർക്കാരിന് ആത്മാർത്ഥയില്ലെന്ന കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് വിമർശനം.
കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കുന്നതിൽ വരെ സർക്കാർ അലംഭാവം കാണിക്കുന്നു. കയ്യേറ്റം ഒഴിപ്പിക്കലടക്കമുള്ള നടപടികളുടെ മേൽനോട്ടത്തിനായി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യു കമ്മീഷണറും ദുരന്തനിവാരണ കമ്മീഷണറും അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സമിതിയുടെ ആദ്യ റിപ്പോർട്ട് ഈ മാസം 31-ന് കൈമാറണമെന്നും കോടതി അറിയിച്ചു.
ഇടുക്കിയിലെ ഭൂമി കയ്യേറ്റവും വ്യാജരേഖയും സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലും കയ്യേറ്റമൊഴിപ്പിക്കാൻ സമയബന്ധിത നടപടികൾ സർക്കാർ എടുക്കുന്നില്ല. സർക്കാർ സദാ നിയമം ചോദിച്ച് കൊണ്ടിരിക്കുകയാണ്. 1964-ൽ ഭൂപതിവ് ചട്ടം കൊണ്ടുവന്നപ്പോൾ ഉദ്ദേശം പൊതുതാൽപര്യമായിരുന്നു. എന്നാൽ 1971-ലെ ഭേദഗതിയിലൂടെ കയ്യേറ്റക്കാർക്കും ഭൂമി പതിച്ചുനൽകുന്ന സാഹചര്യമുണ്ടായെന്നും കോടതി വിമർശിച്ചു.
ചട്ടഭേദഗതിയുടെ നിയമസാധുത പരിശോധിക്കും എന്ന് അഭിപ്രായപ്പെട്ട കോടതി ചീഫ് സെക്രട്ടറിക്കു നോട്ടിസ് നൽകാനും നിർദേശിച്ചു. അഡ്വക്കറ്റ് ജനറൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി അഡ്വ ഹരീഷ് വാസുദേവന്റെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.















