കണ്ണൂർ: കൈവെട്ട് കേസിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരൻ സവാദ് ഭാര്യയെയും ഭാര്യ വീട്ടുകാരെയും കബളിപ്പിച്ചാണ് വിവാഹതിനായതെന്ന് കുടുംബം. കണ്ണൂർ സ്വദേശി ഷാജഹാൻ എന്ന് പറഞ്ഞാണ് വിവാഹം ചെയ്തതെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞു. വിവാഹ സമയത്ത് പള്ളിയിൽ പറഞ്ഞ പേരും ഷാജഹാൻ എന്ന് തന്നെയാണെന്നും തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാൽ കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും പിതാവ് പറഞ്ഞു.
കൈവെട്ടുകേസിലെ പ്രതിയാണ് സവാദെന്ന് അറിഞ്ഞത് ടിവിയിൽ കണ്ടപ്പോൾ മാത്രമാണ്. 2016-ൽ കാസർകോട് കുഞ്ചത്തൂർ പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഉള്ളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെടുന്നതെന്നും പിതാവ് പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ നല്ല പയ്യനെന്ന് തോന്നിയെന്നും ഇയാൾ പറഞ്ഞു. സവാദിന്റെ ഭാര്യപിതാവിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കണ്ണൂരിൽ വാടക വീട് എടുത്തത് ഭാര്യയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ്. വിവാഹത്തിന് പിന്നാലെ തന്റെ തിരിച്ചറിയൽ രേഖകളൊന്നും തന്നെ മറ്റാരെയും കാണിക്കാനെ എവിടെയും സമർപ്പിക്കാനോ ഇയാൾ തയ്യാറായിരുന്നില്ലെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ജനന വിവരങ്ങൾ അന്വേഷിച്ച് ആശാ പ്രവർത്തകർ എത്തിയെങ്കിലും എല്ലാം കാസർകോട് ആരോഗ്യപ്രവർത്തകർക്ക് നൽകിയിട്ടുണ്ടെന്നായിരുന്നു സവാദിന്റെ മറുപടി. പിന്നീട് വിവരങ്ങൾ കൈമാറാൻ നിർബന്ധിതനാവുകയായിരുന്നു.
റിയാസ് എന്ന ആളാണ് സവാദിന് താമസിക്കാൻ വീടും ജോലിയും തരപ്പെടുത്തി കൊടുത്തതെന്ന് വ്യക്തമായതായി അന്വേഷണസംഘം പറഞ്ഞു. ഷമീർ എന്നയാളും സഹായം നൽകിയിട്ടുണ്ട്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നും എൻഐഎ സംഘം വിപുലമായി അന്വേഷിക്കുന്നുണ്ട്. പിഎഫ്ഐ, എസ്ഡിപിഐ നേതാര്രളുടെ അറിവോടെയാണ് ഇയാൾ ഒളിവുജീവിതം നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി വാടക വീടിന് സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന വീട്ടിലായിരുന്നു പണി. സവാദ് അയൽവാസികളുമായി അടുത്ത് ഇടപഴകിയിരുന്നില്ലെന്നും നാട് എവിടെ എന്ന ചോദ്യത്തിന് മലപ്പുറം തിരൂർ ആണെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്നതായിരുന്നു പതിവ്. അയൽവീടുകളിൽ പോവുകയോ മറ്റുള്ളവരെ വാടക വീട്ടിലേക്ക് ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.
ഒരിടത്തും അധികനാൾ താമസിക്കുന്ന രീതി സവാദിന് ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവിൽ താമസിച്ചിരുന്ന ബേരത്ത് നിന്നും ഇയാൾ താമസം മാറ്റാൻ പദ്ധതിയിട്ടിരുന്നു. ഇതിന് ഇടയിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലാകുന്നത്. ബേരത്ത് വന്നതോടെയാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം.