തിരുവനന്തപുരം: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ സംസ്ഥാന ഇന്റലിജൻസിന് വീഴ്ചയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 13 വർഷത്തോളമായി കേരളത്തിൽ തന്നെ ഒളിവുജീവിതം നയിച്ചിട്ടും ഇയാളെ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് കണ്ടെത്താനായില്ല.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സവാദ് ഏറെ ദൂരെയുള്ള കണ്ണൂരിലെത്തി ലോകത്തെ തന്നെ കബളിപ്പിച്ച് ജീവിതം നയിക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം അനിവാര്യമാണ്. ഇയാൾക്ക് മറ്റാരുടെ സഹായമാണ് ലഭിച്ചതെന്നറിയാനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എൻഐഎ. സവാദ് എന്ന മതഭീകരവാദി ഒളിവിൽ കഴിയാൻ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂർ തന്നെ തിരഞ്ഞെടുത്തതിലും ദുരൂഹതയേറെയാണ്. മതഭീകരതയുടെ സുരക്ഷിത കേന്ദ്രമായി കേരളം മാറുകയാണെന്നതിനുള്ള ഉദാഹരണമാണ് ഇത്.
വളരെ രഹസ്യമായാണ് സവാദിന്റെ ഒളിവുജീവിതം എൻഐഎ ചുരുളഴിച്ചത്. ലോകം മുഴുവൻ തിരഞ്ഞിരുന്ന ഒന്നാം പ്രതി സവാദിനെ പിടികൂടുന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾ പോലും കൈവിട്ട നേരത്താണ് എൻഐഎ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ വരുമാനം മുടങ്ങിയതോടെയാണ് സവാദ് കണ്ണൂരിലെത്തിയതെന്ന് എൻഐഎയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ മാത്രം ഇയാൾ ഒളിവിൽ കഴിഞ്ഞത് എട്ട് വർഷമാണ്. കാസർകോട് നിന്ന് വിവാഹം കഴിച്ച് ശേഷം കണ്ണൂർ വളപട്ടണത്തെ മന്ന എന്നയിടത്തേക്കാണ് സവാദ് ആദ്യമെത്തിയത്. വളപട്ടണത്ത് മാത്രം അഞ്ച് വർഷമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് എൻഐഎയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ശേഷം ഇരിട്ടിയിലെ വിളക്കോട് രണ്ട് വർഷം താമസിച്ചു. ഇതിന് പിന്നാലെയാണ് മട്ടന്നൂരിലെ ബോരത്തെ വാടക വീട്ടിലേക്ക് മാറിയത്. കാസർകോട് സ്വന്തമായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നതിനിടെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയാൻ സവാദിന് ആരൊക്കെയാണ് സഹായം നൽകിയതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി എൻഐഎ അറിയിച്ചു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ അറിവോടെയാണ് ഇയാൾ ഒളിവുജീവിതം നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കിയിരുന്നു. പിഎഫ്ഐ നേതാവിന്റെ ബന്ധുവിനെയാണ് ഇയാൾ വിവാഹം ചെയ്തതെന്ന വിവരവും സംഘത്തിന് ലഭിച്ചിരുന്നു.
ബേരത്തും വിളക്കോടും താമസിക്കുന്ന സമയത്താണ് സവാദ് മരപ്പണി ചെയ്ത് തുടങ്ങിയത്. ഇതിന് സഹായിച്ചതും മരപ്പണിയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്നതും എസ്ഡിപിഐ പ്രവർത്തകനായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.