യെമനിൽ ഹൂതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും. ചെങ്കടൽ വഴിയുള്ള കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അമേരിക്ക ഉൾപ്പെടെ 12ഓളം രാജ്യങ്ങൾ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് മറികടന്നും ഹൂതി വിമതർ ആക്രമണം തുടരുകയായിരുന്നു. 12ഓളം സ്ഥലങ്ങൾ ലക്ഷ്യമിട്ടതായും, ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തങ്ങളുടെ പങ്കാളികളേയും ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങൾ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഹൂതികളെ അനുവദിക്കില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. കപ്പലുകളെ ആക്രമിച്ചു കൊണ്ട് ഹൂതികൾ ഒരു പോരാട്ടത്തിന് തുടക്കമിട്ടുവെന്നും, അതിന് കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ട് തങ്ങളും ശക്തമായി തിരിച്ചടിച്ചിരിക്കുകയാണെന്ന് ബ്രിട്ടണും അറിയിച്ചിട്ടുണ്ട്.
യെമന്റെ തലസ്ഥാനമായ സനയിലും സാദ, ദമർ എന്നീ നഗരങ്ങളിലും ആക്രമണം നടന്നതായി ഹൂതി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും ബ്രിട്ടണും ചേർന്ന് നടത്തിയ ആക്രമണമാണെന്നാണ് ഹൂതി ഉദ്യോഗസ്ഥർ ആരോപിച്ചത്. സന വിമാനത്താവളത്തോട് ചേർന്നുള്ള സൈനിക താവളത്തിലും തായ്സ് വിമാനത്താവളത്തോട് ചേർന്നുള്ള സൈനിക കേന്ദ്രത്തിലും ഹൊദൈദയിലെ ഹൂതി നാവിക താവളത്തിലും ഹജ്ജ ഗവർണറേറ്റിലെ സൈനിക കേന്ദ്രങ്ങളിലും പരിശോധനയും നടന്നിട്ടുണ്ട്.
ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. എന്നാൽ കപ്പലുകൾക്ക് നേരെ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സംഘടനകളും അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യൂറോപ്പിനും ഏഷ്യയ്‌ക്കും ഇടയിലുള്ള പ്രധാന പാതയായ ഇവിടെയാണ് ഷിപ്പിംഗ് ട്രാഫിക്കിന്റെ 15 ശതമാനവും വരുന്നത്. നവംബർ മുതൽ 27 കപ്പലുകളാണ് ഹൂതി വിമതർ ആക്രമിച്ചത്.















