ഹൃദയത്തിന് ശേഷം യുവ താരനിരയെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. തിരയ്‌ക്ക് ശേഷം ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസന്റെ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
വിനീത് ശ്രീനിവാസൻ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ഡബ്ബിംഗിനായി സ്റ്റുഡിയോയിലെത്തിയ ധ്യാനിന്റെ വീഡിയോയാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. സ്റ്റുഡിയോയിലേക്ക് ഓട്ടോയിലെത്തിയ ധ്യാനിന്റെ വീഡിയോ പകർത്തിയിരിക്കുന്നത് വിനീത് തന്നെയാണ്. ഓട്ടോയിൽ നിന്ന് ധ്യാൻ പുറത്തിറങ്ങുമ്പോൾ, ഡബ്ബിംഗിന് വന്നതാണോ എന്ന് വിനീത് ചോദിക്കുന്നുണ്ട്. ‘ വർഷങ്ങൾക്ക് ശേഷം ഡബ്ബിംഗിന് വന്ന ധ്യാൻ ശ്രീനിവാസൻ. ഒരു വൈശാഖ് സുബ്രഹ്‌മണ്യം പ്രൊഡക്ഷൻസ്’ എന്നാണ് വീഡിയോ പങ്കുവച്ച് വിനീത് കുറിച്ചത. വീഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം യുവതാരം കലേഷ് രാമാനന്ദും ഡബിംഗ് വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായതായും താരം പറഞ്ഞിരുന്നു. ചിത്രത്തിന്റെതായി രണ്ട് പോസ്റ്ററുകൾ ഇതിനോടകം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയും കാരക്ടർ പോസ്റ്ററുകളാണ് ആദ്യം പങ്കുവച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ അജു വർഗ്ഗീസിന്റെ കാരക്ടർ പോസ്റ്ററും പങ്കുവച്ചിരുന്നു.
40 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. നിവിൻ പോളിയും ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേസിൽ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും.
ഹൃദയത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത്, സംഗീത സംവിധാനം അമൃത് രാംനാഥ്, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ.