ജീത്തു-ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിലെത്തിയ ചിത്രം നേരിന് തലസ്ഥാനത്ത് നിന്ന് ലഭിച്ചത് കോടികൾ. കേരളത്തിൽ മോഹൻലാൽ ചിത്രത്തിന് തിരുവനന്തപുരത്താണ് ഏറ്റവും അധികം കളക്ഷൻ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആഗോള ബോക്സോഫീസിൽ ഇതുവരെ 84 കോടി നേടിയ ചിത്രം തലസ്ഥാനത്ത് നിന്ന് രണ്ടുകോടിയിലേറെ തുക നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ നിന്ന് 51.13 കോടി രൂപയാണ് നേര് നേടിയത്. വിദേശത്ത് നിന്ന് 37 കോടിയിലേറെയും ഈ കോർട്ട് റൂം ഡ്രാമയ്‌ക്ക് നേടാനായി. മോഹൻലാൽ സിനിമകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ ബജറ്റിലെത്തിയ ചിത്രമാണ് നേര്.ഒരിടവേളയ്‌ക്ക് ശേഷമുള്ള മോഹൻലാലിന്റെ ഹിറ്റ് ചിത്രം എന്ന് വിലയിരുത്തുന്ന നേരിന് പ്രേക്ഷക പ്രീതിക്കൊപ്പം നിരൂപക പ്രശംസയും നേടാനായിരുന്നു.
വലിയൊരു കാലത്തിന് ശേഷം മോഹൻലാലിലെ നടനെ തിരിച്ചു നൽകിയെന്ന് ആരാധകർ വിലയിരുത്തുന്ന ചിത്രമാണ് നേര്. സിനിമയുടെ 90 ശതമാനവും തിരുവനന്തപുരത്ത് തന്നെയാണ് ചിത്രീകരിച്ചതെന്നുള്ളതും മറ്റൊരു കൗതുകമാണ്. അനശ്വര രാജൻ, ജഗദീഷ്,സിദ്ധീഖ് തുടങ്ങിയവരുടെ മികച്ച പ്രകടനവും നേരിനെ മികച്ചൊരു ഇമോഷണൽ ഡ്രാമയാക്കുന്നു.