ജയറാം നായകനായി കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രമാണ് ഓസ്‌ലർ. മിഥുൻ മാനുവൽ തോമസിന്റെ സംവിധാത്തിൽ പിറന്ന മെഡിക്കൽ ത്രില്ലർ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നപ്പോൾ മുതൽ ഉയർന്ന സംശയമായിരുന്നു ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ എന്നത്. പ്രമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലും ഈ ചോദ്യം ഉയർന്നെങ്കിലും താരങ്ങളും അണിയറ പ്രവർത്തകരും ഇക്കാര്യം നിരസിക്കുകയായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ അണിയറ പ്രവർത്തകർ തന്നെ മമ്മൂട്ടിയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.
ചിത്രത്തിൽ താനും ഒരു ഭാഗമാണെന്ന കാര്യം അണിയറ പ്രവർത്തകർ വളരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാൽ സർപ്രൈസ് പൊളിഞ്ഞത് ജയറാം കാരണമാണെന്ന് പറയുകയാണ് മമ്മൂട്ടി. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും നടത്തിയ പ്രസ്മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
‘ഓസ്‌ലർ മലയാളികൾ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. ചിത്രത്തിൽ ഞാൻ അതിഥി വേഷത്തിലാണ് എത്തുന്നത്. വൻ വിജയമായൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. കഥ കേട്ടപ്പോൾ കഥാപാത്രത്തോട് തോന്നിയ ഇഷ്ടംകൊണ്ടാണ് ഈ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചത്. സിനിമയിൽ കുറച്ചു സമയം മാത്രമേ ഉള്ളൂ എങ്കിലും എന്റെ കഥാപാത്രം ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. ചിത്രത്തിൽ ഞാനും ഒരു ഭാഗമാണെന്ന കാര്യം ഒരു പരിധിവരെ രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാൽ ആ സസ്‌പെൻസ് ജയറാം തന്നെ പൊളിച്ചു.’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.















