തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. പൊതുജനങ്ങൾക്ക് നാളെ രാവിലെ 11 മുതൽ വനംവകുപ്പിന്റെ www.forest.kerala.in എന്ന വെബ് സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 39 ദിവസം നീണ്ടുനിൽക്കുന്ന ട്രക്കിംഗ് ജനുവരി 24 തുടങ്ങി മാർച്ച് രണ്ട് വരെയാണ് നടക്കുക. ഒരു ദിവസം 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിക്കുക.
ഏറെ സാഹസികത നിറഞ്ഞ അഗസ്ത്യാർകൂടം ട്രക്കിംഗ് വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷന് വേണ്ടി ഫോട്ടോയും സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡും ഓൺലൈനായി അപ്ലോഡ് ചെയ്യണം. 14 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവർക്ക് രക്ഷാകർത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ.
യാത്രയ്ക്ക് മുന്നോടിയായി ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. ഭക്ഷണം ഇല്ലാതെ ഒരു ദിവസം ഒരാൾക്ക് 2500 രൂപയാണ് ട്രക്കിംഗ് ഫീസ്. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനെ ബന്ധപ്പെട്ട് വിവരങ്ങളറിയാവുന്നതാണ്. ഫോൺ : 0471-2360762.