ന്യൂഡൽഹി: പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് ടാങ്ക് സോറവാറിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡിആർഡിഒ. ആദ്യ ഘട്ടത്തിൽ 100 കിലോമീറ്റോളമാണ് ടാങ്ക് പ്രവർത്തിപ്പിച്ചത്. ടാങ്കിന്റെ കൂടുതൽ പരീക്ഷണണങ്ങൾക്കായി ഏപ്രിലിൽ ഇന്ത്യൻ സൈന്യത്തിന് ടാങ്ക് കൈമാറുമെന്നും ഡിആർഡിഒ അറിയിച്ചു.
‘ പുതിയ എഞ്ചിനോടുകൂടി വികസിപ്പിച്ചെടുത്ത ലൈറ്റ് ടാങ്ക് സോറവാറിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടാങ്ക് 100 കിലോമീറ്ററിലധികം നീക്കി. ഈ വർഷം ഏപ്രിലോടെ ഇന്ത്യൻ സൈന്യത്തിന് ടാങ്ക് കൈമാറാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” ഡിആർഡിഒ ഉദ്യോഗസ്ഥർ പറഞ്ഞു.
59 സോറവാർ ലൈറ്റ് ടാങ്കുകൾ നിർമ്മിക്കുന്നതിനായും വിതരണം ചെയ്യുന്നതിനായും ഇന്ത്യൻ സൈന്യം ഡിആർഡഒയ്ക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്. മരുഭൂമികളിലും ഉയരത്തിലുള്ള പ്രദേശങ്ങളിലും ഇന്ത്യൻ സൈന്യത്തിന് ആക്രമണങ്ങൾ നേരിടുന്നതിനായാണ് ടാങ്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചൈനയിൽ നിന്നുള്ള ആക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ ആർമിക്ക് കരുത്താകുന്ന വിധത്തിലാണ് ടാങ്ക് വികസിപ്പിച്ചിരിക്കുന്നത്.
അടുത്തിടെയാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ടാങ്കിന്റെ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉയർന്ന പർവ്വത പ്രദേശങ്ങളിൽ വേഗത്തിലും എളുപ്പത്തിലും സഞ്ചരിക്കാൻ സാധിക്കുന്ന 25 ടൺ ഭാരമുള്ള ടാങ്കുകൾ നിർമ്മിക്കുന്ന പദ്ധതി ആത്മനിർഭര ഭാരതമെന്ന സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നത്. ടാങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എൽ ആൻഡ് ടി കമ്പനിയുമായി ചേർന്നായിരിക്കും ഡിആർഡിഒ നടപ്പിലാക്കുകയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.