തിരുവനന്തപുരം: കരിമണൽ കമ്പനി സിഎംആർഎല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു. കരിമണൽ കമ്പനിയിൽ നിന്നടക്കം പണംകൈപ്പറ്റിയതിൽ അസ്വഭാവികത നിലനിൽക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് ബെംഗളുരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ്. ഇതോടെ വിഷയത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും പ്രതിരോധം തീർത്ത സിപിഎം കൂടിയാണ് പ്രതിസ്ഥാനത്തായിരിക്കുന്നത്.
ബെംഗളുരു, കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസ് കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തി നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം അന്വേഷണ സംഘത്തിനോട് നിർദ്ദേശിച്ചിരിക്കുന്നത്. കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഈ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ മറ്റ് എജൻസികൾ അന്വേഷണം ഏറ്റെടുക്കും.
കേരള സർക്കാർ സ്ഥാപനമായ കെഎസ്‌ഐഡിഎസും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എക്‌സാലോജിക്കിനെ കുറിച്ചുള്ള അന്വേഷണത്തിൽ രജിസ്ട്രാർ ഓഫ് കമ്പനീസിന് അവ്യക്തമായ വിവരങ്ങൾ നൽകിയതിനാലാണ് കെഎസ്‌ഐഡിഎസിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്.
കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതോടെ വീണാ വിജയന് കുരുക്ക് മുറുകിയിരിക്കുകയാണ്. ലഭിച്ച തുക നൽകിയ സേവനത്തിനുള്ള ഫീസാണെന്നായിരുന്നു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ വാർത്താ സമ്മേളനത്തിലടക്കം വിവരിച്ചത്. എന്നാൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കൊച്ചി, ബെംഗളുരു സെന്ററുകൾ നൽകുന്ന റിപ്പോർട്ട് ഈ വാദങ്ങളെല്ലാം തള്ളുന്നതാണ്.















