കൊച്ചി: പോസ്റ്റ് ഓഫീസ് വഴി ലഹരി കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ആലുവ സ്വദേശി ശരത്, കാക്കനാട് സ്വദേശി ഷാരോൺ, എബിൻ എന്നിവരുടെ പേരിൽ വിദേശത്ത് നിന്ന് എത്തിയ പാഴ്സൽ പരിശോധിച്ചപ്പോഴാണ് ലഹരി കടത്തിന്റെ ചുരുളഴിഞ്ഞത്. തുടന്ന് നടത്തിയ പരിശോധനയിൽ അഞ്ച് പേരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്.
300 ലഹരി സ്റ്റാമ്പുകളാണ് അഞ്ചംഗ സംഘത്തിന്റെ പക്കൽ നിന്നും എൻസിബി കണ്ടെടുത്തത്. ജർമനി അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പോസ്റ്റൽ വഴി ഇറക്കുമതി ചെയ്യുന്ന ലഹരി സ്റ്റാമ്പുകൾ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി, കാക്കനാട്, ആലുവ,എരൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തുമെന്ന് എൻസിബി അറിയിച്ചു.















