തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പുറപ്പെടുവിച്ചിട്ടും മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സിപിഎം നേതാക്കൾ. എക്‌സാലോജിക്കിനെതിരെയുള്ള അന്വേഷണത്തെ പറ്റി തനിക്ക് അറിഞ്ഞു കൂടായെന്നാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഏത് ഏജൻസിയാണെന്ന് ചോദിച്ച അദ്ദേഹം സംഭവത്തെ കുറിച്ച് അന്വേഷിച്ചിട്ട് പ്രതികരിക്കാമെന്നും പറഞ്ഞു. വീണയുടെ ഭർത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസും മാദ്ധ്യമങ്ങൾക്ക് മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറി. മുൻമന്ത്രി എ.കെ ബാലനും സമാനരീതിയിലാണ് പ്രതികരിച്ചത്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ നേതാക്കൾ ഒഴിഞ്ഞു മാറിയത്.
കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയമാണ് എക്‌സാലോജിക്കിനെതിരെ അന്വേഷണം പുറപ്പെടുവിച്ചിരിക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള അനധികൃത ഇടപാടുകളാണ് കോർപ്പറേറ്റ് മന്ത്രാലയം അന്വേഷിക്കുക. കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ കെഎം ശങ്കര നാരായൺ, പുതുച്ചേരി ആർഒസി എ ഗോകുൽനാഥ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. നാല് മാസത്തിനുള്ളിൽ സമിതി കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.















