എഎഫ്‌സി ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികൾ. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം. ഫിഫ റാങ്കിംഗിൽ 105-ാം സ്ഥാനത്തുള്ള ഇന്ത്യയക്ക് 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ സമനിലയിൽ കുരുക്കാനായൽ പോലും നേട്ടമാണ്. ഓസ്‌ട്രേലിയ്‌ക്കെതിരെ തോൽക്കാതെ പിടിച്ചു നിൽക്കാനാണ് ടീമിന്റെ ശ്രമമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാകും നായകൻ സുനിൽ ഛേത്രിയും ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സ്‌പോർട്‌സ് 18 ചാനലിൽ മത്സരം തത്സമയം കാണാം.
ഇഷ്ട ശൈലികളായ 4-2-3-1 അല്ലെങ്കിൽ 4-3-3 ഫോർമേഷനിലായിരിക്കും സ്റ്റിമാക് ഇന്ത്യയെ കളത്തിലിറക്കുക. ആക്രമണത്തിന് മൂർച്ച കൂട്ടാൻ നായകൻ സുനിൽ ഛേത്രിക്കൊപ്പം ചാംഗ്‌തേയും നവ്‌റോം സിംഗും കളത്തിലുണ്ടാകും. ഐഎസ്എല്ലിനിടെ പരിക്കേറ്റ ജീക്‌സൺ സിംഗിനും മലയാളി താരം സഹൽ അബ്ദുൽ സമദിനും പകരക്കാരനായി മുന്നേറ്റ നിരയെ അനിരുദ്ധ് താപ്പയായിരിക്കും നയിക്കുക. ലാലാംഗ്മാവിയയും നൊയോറോ സിംഗും ഇഷാൻ പണ്ഡിതയും മലയാളി താരം കെ.പി രാഹുലും മുന്നേറ്റനിരയിലുണ്ട്. മദ്ധ്യനിരയെ ബ്രണ്ടൻ ഫെർണാൺഡസും പ്രതിരോധത്തിൽ സന്ദേശ് ജിങ്കാനുമായിരിക്കും ഇന്ത്യയെ നയിക്കുക. ഗുർപ്രീത് സിംഗ് സന്ധു ഗോൾവല കാക്കും.
ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ആദ്യമായി വനിതാ റഫറി അരങ്ങേറുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ജപ്പാൻകാരിയായ റഫറി യോഷിമി യാമാഷിതയാണ് ഇന്നത്തെ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം നിയന്ത്രിക്കുക.