പ്രഷർ കുക്കർ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..

Published by
Janam Web Desk

മിക്ക വീടുകളിലും പാചകത്തിനായി ഉപയോഗിക്കുന്ന പാത്രങ്ങളിലൊന്നാണ് പ്രഷർ കുക്കർ. എളുപ്പത്തിൽ സാധനങ്ങൾ വേവിക്കാനും പാചകം ചെയ്യാനും സാധിക്കുന്നതു കൊണ്ടുതന്നെയാണ് പ്രഷർ കുക്കറിനെ എല്ലാവരും ആശ്രയിക്കുന്നത്. എന്നാൽ ശരിയായ വിധം പ്രഷർ കുക്കർ ഉപയോഗിച്ചില്ലെങ്കിൽ പലവിധത്തിലുള്ള അപകടങ്ങൾക്കും കാരണമാവും. കുക്കർ പൊട്ടിത്തെറിച്ചുള്ള മരണങ്ങൾ വരെ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെറിയ ഒരു അശ്രദ്ധ മതി നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. അതുകൊണ്ടു തന്നെ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്..

ഭക്ഷ്യവസ്തുക്കൾ അമിതമായി നിറയ്‌ക്കുന്നത്

പ്രഷർ കുക്കറിൽ അമിതമായി സാധനങ്ങൾ നിറയ്‌ക്കുന്നത് ഒഴിവാക്കുക. കുക്കറിന്റെ അളവിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രം പാചകം ചെയ്യാനായി സാധനങ്ങൾ നിറയ്‌ക്കുക. വെന്തു കഴിഞ്ഞാൽ വ്യാപ്തം കൂടുന്ന തരം ധാന്യങ്ങളോ പയറു വർഗങ്ങളോ ആണെങ്കിൽ പകുതി മാത്രം നിറച്ച് വേവാൻ ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കിൽ മർദ്ദം കൂടി കുക്കർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

നീരാവി കളയുമ്പോൾ ശ്രദ്ധിക്കുക

കുക്കർ വിസിൽ അടിച്ചു കഴിഞ്ഞാൽ നീരാവി പെട്ടന്നു കളയാനുള്ള തിടുക്കം പല വീടുകളിലും പൊതുവെ കണ്ടു വരുന്ന ഒന്നാണ്. ആഹാര പദാർത്ഥങ്ങൾക്ക് വേവാനുള്ള സാവകാശം കൊടുക്കാതെയും വിസിൽ പോകാൻ കാത്തു നിൽക്കാതെ പെട്ടന്ന് കുക്കർ തുറക്കാൻ ശ്രമിക്കും. ഇങ്ങനെ തുറക്കുമ്പോൾ നീരാവി കയ്യിൽ തട്ടി കൈ പൊള്ളാനുള്ള സാധ്യതയും കുക്കർ കേടു വരാനുള്ള സാധ്യതയും കൂടുതലാണ്.

കുക്കർ വ്യത്തിയാക്കി സൂക്ഷിക്കുക

കുക്കർ കഴുകാനുള്ള മടി കാരണം പലരും കുക്കർ വേണ്ട പോലെ വൃത്തിയാക്കി സൂക്ഷിക്കാറില്ല. പ്രഷർ കുക്കർ ഈടു നിൽക്കാൻ വൃത്തിയായി സൂക്ഷിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. വൃത്തിയാക്കാൻ എടുക്കുമ്പോൾ കുക്കറിന്റെ വാൽവ്, ഗാസ്‌ക്കറ്റ് എന്നിവ വേർപ്പെടുത്തിയെടുത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി കഴുകുക. കുക്കർ കഴുകിയ ശേഷം ഉണങ്ങുന്നതിനായി കമഴ്‌ത്തി വയ്‌ക്കാം.

നുരഞ്ഞു പൊങ്ങുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കാം

പ്രഷർ കുക്കറിലിട്ട് അരി വേവിക്കാൻ വയ്‌ക്കുമ്പോൾ നുരഞ്ഞു പൊങ്ങുന്നത് പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഇത് ഒഴിവാക്കാനായി ആദ്യം അരി മറ്റൊരു പാത്രത്തിലിട്ട് തിളപ്പിച്ച ശേഷം പത ഊറ്റി കളഞ്ഞ് കുക്കറിലിട്ട് വേവിച്ചെടുക്കാം.

Share
Leave a Comment