ലക്നൗ: ആയിരക്കണക്കിന് വർഷം പഴക്കമുള്ള തങ്ങളുടെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയർ മുന്നിലാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷത്തെ ഗോരക്പൂർ ഫെസ്റ്റിവെലിന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സംഘർഷ ഘട്ടത്തിലും ഭാരതീയർക്ക് തങ്ങളുടെ പൈതൃകത്തെ മുറികെ പിടിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയിരം വർഷങ്ങൾക്ക് മുമ്പാണ് ഭഗവാൻ ശ്രീരാമൻ അവതരിച്ചത്. പക്ഷേ ഭാരതീയർ ഇന്നും തങ്ങളുടെ പൈതൃകത്തെ അദ്ദേഹവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത്തരത്തിൽ തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനായി ഭാരതീയർ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ജനുവരി 22 ന് നടക്കാൻ പോകുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ്. അയോദ്ധ്യയിൽ കുടികൊള്ളുന്ന വിശ്വാസത്തെയും സംസ്കാരത്തെയും തകർക്കാൻ ശ്രമിച്ചവരെ പരാജയപ്പെടുത്തിയതിലൂടെ ഭാരതിയർ തങ്ങളുടെ സ്വത്വത്തെ വീണ്ടെടുക്കുകയാണ് ചെയ്തത്. ഭാരതീയരുടെ വിജയത്തിന്റെ പ്രതീകമായി പ്രാണപ്രതിഷ്ഠാ ചടങ്ങിനെ കാണുമെന്നും യോഗി പറഞ്ഞു.
ദീപാവലി, ഹോളി, രാമനവമി, മഹാശിവരാത്രി, രക്ഷാബന്ധൻ തുടങ്ങിയ ആഘോഷങ്ങളുടെ സവിശേഷതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ ആഘോഷങ്ങളെല്ലാം ഇന്ത്യൻ സംസ്കാരം എന്താണെന്ന് വിളിച്ചോതുന്ന ആഘോഷങ്ങളാണ്. 2023 ലെ രാമനവമി ആഘോഷത്തോടനുബന്ധിച്ച് 35 ലക്ഷത്തോളം ആളുകളാണ് അയോദ്ധ്യ സന്ദർശിച്ചത്. അന്ന് അയോദ്ധ്യയിൽ മികച്ച റെയിൽവേ സൗകര്യങ്ങളോ, വിമാനത്താവളമോ ഇല്ലായിരുന്നു. റോഡുകളുടെ പണികൾ പുരോഗമിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. എന്നാൽ ഇന്ന് അയോദ്ധ്യയിൽ നാലുവരി പാതയും ആറുവരി പാതയുമുണ്ട്. മികച്ച കണക്ടിവിറ്റി സൗകര്യങ്ങളുമെല്ലാമുണ്ട്. അയ്യായിരം വർഷത്തിന് ശേഷവും നമ്മൾ നമ്മുടെ പാരമ്പര്യത്തെ ഒരു കോട്ടവും സംഭവിക്കാതെ കാത്തുസൂക്ഷിക്കുന്നു എന്നും യോഗി കൂട്ടിച്ചേർത്തു.