സിനിമാ ലോകത്തിന് മറക്കാൻ കഴിയാത്ത നടിയാണ് ശ്രീവിദ്യ. മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങൾ ചെയ്ത് സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. ശരീരത്തെ കാർന്നു തിന്നുന്ന കാൻസർ എന്ന മഹാരോഗത്തെ തുടർന്ന് 2006 ഒക്ടോബർ 19-നാണ് ശ്രീവിദ്യ വിട പറഞ്ഞത്. കേരളത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
യഥാർത്ഥ ജീവിതത്തിൽ ശ്രീവിദ്യ നിരവധി പേരാൽ പറ്റിക്കപ്പെട്ട് പോയെന്ന തരത്തിലുള്ള വാർത്തകൾ മരണ ശേഷം പുറത്ത് വന്നിരുന്നു. അവസാന നാളുകളിൽ നടനും മന്ത്രിയുമായ ഗണേഷായിരുന്നു ശ്രീവിദ്യയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടത്തിയിരുന്നത്. എന്നാൽ, അവിടെയും ശ്രീവിദ്യ കബളിപ്പിക്കപ്പെട്ടെന്നാണ് ശ്രീവിദ്യയുടെ സഹോദരൻ ശങ്കറിന്റെ ഭാര്യ വിജയലക്ഷ്മി ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘ശ്രീവിദ്യയുടെ മരണത്തിന് മുൻപ് ഒരു ബിൽ എഴുതി വാങ്ങിയിരുന്നു. അതിന്റെ പവർ ഓഫ് അറ്റോണി ഗണേഷ് കുമാറിനായിരുന്നുവെന്ന് ഞങ്ങള്‍ അറിയുന്നത് ശ്രീവിദ്യയുടെ മരണത്തിന് ശേഷം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയിലായിരുന്നു. ഞങ്ങളോട് പറയുന്നതിന് മുൻപ് തന്നെ ഗണേഷ് കുമാർ അക്കാര്യങ്ങൾ മാദ്ധ്യമങ്ങളെ ആയിരുന്നു അറിയിച്ചത്.
ശ്രീവിദ്യയുടെ ചെന്നൈയിലേയും കേരളത്തിലെയും സ്വത്തുക്കളെ കുറിച്ചായിരുന്നു അതിൽ ഉണ്ടായിരുന്നത്. സ്വത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അന്ന് സഹായത്തിന് നിന്ന ആന്ധ്രക്കാരായ ദമ്പതികൾക്ക് കൊടുക്കണമെന്നും അഞ്ച് ലക്ഷം വീതം ചേട്ടന്റെ ആണ്‍മക്കള്‍ക്ക് നല്‍കണമെന്നും ബാക്കി ഒരു ട്രസ്റ്റ് രൂപീകരിച്ച് അര്‍ഹതയുള്ളവരെ സഹായിക്കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. അതിന്റെ പവര്‍ ഓഫ് അറ്റോണിയാണ് ഗണേഷ് കുമാറിനെ ഏല്‍പ്പിച്ച് ശ്രീവിദ്യ കയ്യൊപ്പ് വച്ചത്. എന്നാല്‍ ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് ശ്രീവിദ്യ മരിക്കുന്നതിന് രണ്ട് മാസം മുന്നെയുള്ളതായിരുന്നു. ആശുപത്രിയിലെ ഒരു നഴ്‌സ് ഞങ്ങളോട് പറഞ്ഞത് ആ സമയം വിദ്യ കീമോയുടെ സെഡേഷനില്‍ ആയിരുന്നുവെന്നും ബോധമില്ലാത്ത അവസ്ഥയിലാണ് കയ്യൊപ്പ് വാങ്ങിയതെന്നുമായിരുന്നു.
ഞങ്ങൾ ആകെ ചോദിച്ചത് മൂന്ന് കാര്യങ്ങൾ മാത്രമായിരുന്നു. ഞങ്ങളുടെ വീട്ടിൽ പൂജവെച്ചിരുന്ന കൃഷ്ണന്റെ ഒരു പടം.
അമ്മയുടെ (എം എല്‍ വസന്തകുമാരി) തംബുരു, സഹോദരന്‍ ശ്രീവിദ്യക്ക് വാങ്ങിക്കൊടുത്ത ഒരു അലമാര ഇവ മാത്രമായിരുന്നു. അത്, പോലും തന്നില്ലായിരുന്നു. സഹോദരന്റെ മക്കളുടെ പേരില്‍ അഞ്ചു ലക്ഷം രൂപ വീതം എഴുതിയിരുന്നു. അതും തന്നിട്ടില്ല. പക്ഷേ അതിലൊന്നും സങ്കടമില്ല.
നൃത്തം, സംഗീതം എന്നിവ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഒരു ട്രസ്റ്റ് തുടങ്ങണമെന്നും തന്റെ സ്വത്തുക്കള്‍ അതിലേക്ക് ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞിരുന്നു. ഇതുവരെയും അത് നടന്നില്ല.
അവളുടെ പ്രാണൻ പോകുന്നതുവരെയും ആ വീട്ടിൽ ഞങ്ങൾ ഉണ്ടായിരുന്നു. വിദ്യയുടെ റൂമില്‍ ഞങ്ങള്‍ താമസിച്ചപ്പോള്‍ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമില്‍ തന്നെയുണ്ടാകുമെന്ന വിശ്വാസമാണ് കേരളത്തിൽ. അതിനാല്‍ പുറത്തുപോകാനും പറഞ്ഞു. അങ്ങനെ ഞങ്ങളെ ഗണേഷ് കുമാര്‍ വിദ്യയുടെ മുറിയില്‍ നിന്ന് ഒഴിവാക്കി. ആ മുറിയില്‍ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങള്‍ക്കറിയില്ല. ആ സമയത്ത് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഭയമായിരുന്നു. കാരണം തങ്ങള്‍ക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാള്‍ രാഷ്‌ട്രീയപ്രവര്‍ത്തകനാണ്.’- ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു.















