ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. തിലക് വർമ്മ, വാഷിംഗ്ടൺ സുന്ദർ , ജിതേഷ് ശർമ്മ, രവി ബിഷ്ണോയി എന്നിവരാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. മകരസംക്രാന്തി ദിനത്തോടനുബന്ധിച്ചായിരുന്നു താരങ്ങളുടെ ക്ഷേത്ര ദർശനം.
ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും ചടങ്ങുകളിലും താരങ്ങൾ പങ്കെടുത്തു. പുലർച്ചെ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചടങ്ങായ ഭസ്മ ആരതിയിലും താരങ്ങൾ പങ്കെടുത്തു. പുലർച്ചെ 3.30-നും 5.30-നും ഇടയിലുള്ള ബ്രഹ്മ മുഹൂർത്ത സമയത്താണ് ഭസ്മ ആരതി നടക്കുന്നത്. മകരസംക്രാന്തി ദിനത്തോടനുബന്ധിച്ച് നിരവധി ഭക്തരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലെത്തിയത്.
കഴിഞ്ഞ ദിവസം ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിന് ശേഷമാണ് താരങ്ങൾ ഇവിടെയെത്തിയത്. മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ക്ഷേത്ര ദർശനം നടത്താൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ശിവ ഭഗവാന്റെ അനുഗ്രഹം നേടാൻ തങ്ങൾക്ക് സാധിച്ചുവെന്നും താരങ്ങൾ പറഞ്ഞു.