കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളും; ദിവസവും ‘ഓരോന്ന് വീതം’ അകത്താക്കൂ; ഈ ​ഗുണങ്ങൾ തേടിയെത്തും!

Published by
Janam Web Desk

അടുക്കളയിലെ താരമാണ് തക്കാളി. ഒട്ടുമിക്ക എല്ലാ വിഭവങ്ങളിലും ഇത് ചേർക്കുന്നു. കാർബോഹൈഡ്രേറ്റ്, ഫൈബർ, വിറ്റമിൻ സി, പൊട്ടാസ്യം, ഫോലേറ്റ്, ബീറ്റ കരോറ്റീൻ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുള്ള പോഷക സമ്പന്നമായ പച്ചക്കറിയാണ് തക്കാളി. ചർമ്മത്തിനും തക്കാളി ഏറെ ​ഗുണം ചെയ്യുന്നു. ദിവസവും ഓരോ തക്കാളി വീതം കഴിച്ചാലുള്ള ​ഗുണങ്ങൾ അറിയൂ..

1) ​മെച്ചപ്പെട്ട ഹൃദയാരോ​ഗ്യം

ആൻറി ഓക്സിഡൻ്റുകളുടെ കലവറയാണ് തക്കാളി. ഇവയ്‌ക്ക് കടും ചുവപ്പ് നിറം നൽകുന്ന ലൈക്കോപീൻ എന്ന കരോട്ടിനോയിഡ് സംയുക്തം ഹൃദ്രോഗ സാദ്ധ്യത കുറയ്‌ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാൻ ലൈക്കോപീൻ സഹായിക്കുന്നു. അതുവഴി മെച്ചപ്പെട്ട ഹൃദയാരോഗ്യം നൽകുന്നു. അതിനാൽ ഭക്ഷണത്തിൽ നിത്യേന തക്കാളി ഉൾപ്പെടുത്തുക.

2) കാൻസറിനെ ചെറുക്കാൻ

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ പ്രോസ്റ്റേറ്റ്, ശ്വാസകോശം, ആമാശയം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറിനെ ചെറുക്കാൻ കഴിവുള്ളതാണ്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിക്കുന്നു. കോശങ്ങളുടെ നാശത്തെയും കാൻസർ കോശങ്ങളുടെ രൂപീകരണത്തെയും തടയാൻ തക്കാളിക്ക് കഴിയുന്നു.

3) ചർമ്മ സംരക്ഷണത്തിന്

ചർമ്മത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് തക്കാളി. വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമാണ് തക്കാളി. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയും യുവത്വവും മെച്ചപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപീന് സ്വാഭാവിക സൺസ്ക്രീൻ ആയി പ്രവർത്തിക്കാനും കഴിയുന്നു. തക്കാളി അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും സൂര്യതാപം ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.

4) ഭാരം നിയന്ത്രിക്കാൻ

ഭാരം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവർ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് തക്കാളി. കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളുമുള്ളവയാണ് തക്കാളി. ഇവയിൽ അടങ്ങിയിട്ടുള്ള ഉയർന്ന ജലാംശവും നാരുകളും പെട്ടെന്ന വയർ നിറഞ്ഞത് പോലെ തോന്നിക്കുന്നു. ഇത് വഴി വിശപ്പിനെ നിയന്ത്രിക്കുന്നു. തക്കാളിയിലെ സംയുക്തങ്ങൾ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

5) കാഴ്ചശക്തി മെച്ചപ്പെടുത്താൻ

കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളുടെ കലവറയാണ് തക്കാളി. കാഴ്‌ചയ്‌ക്ക് സഹായിക്കുന്ന വിറ്റാമിനായ വിറ്റാമിൻ എ അടങ്ങിയ ഇവ, തിമിരം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

6) ദഹനം മെച്ചപ്പെടുത്താൻ

ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിൽ നാരുകൾ പ്രധാന പങ്ക് വഹിക്കുന്നു. നാരുകൾ സമ്പുഷ്ടമായ പച്ചക്കറിയാണ് തക്കാളി. മലബന്ധം തടയുന്നതിനും കുടലിന്റെ ആരോ​ഗ്യത്തിനും തക്കാളി ശീലമാക്കാം. ആമാശയത്തിന് ‌ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും തക്കാളിക്ക് സാധിക്കുന്നു.

Share
Leave a Comment