പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിൽ പ്രകോപിതനായി വയോധികനെ ആക്രമിച്ച കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് വീയപുരം ഷിബുവെന്ന ഷിബു ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്.
നിരണം സ്വദേശി സുരോജ് എന്ന വയോധികനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി ഏഴ് മണിയ്ക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. സുരോജിന്റെ വീട്ടിലെത്തിയ പ്രതി 25,000 രൂപ ആവശ്യപ്പെട്ടു. ഇത് നൽകാൻ തയാറാകാത്തതിലുള്ള വിരോധത്തിൽ പ്രതി വയോധികനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
നിലത്ത് വീണ വയോധികന്റെ തലയിൽ കരിങ്കല്ല് ഉപയോഗിച്ച് അടിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതക കേസ് ഉൾപ്പെടെ 18 ക്രിമിനൽ കേസുകളിൽ ഷിബു പ്രതിയാണെന്ന് പോലീസ് അറിയിച്ചു.