ഇടുക്കി: വീട് ഒഴിഞ്ഞു കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഗർഭിണിയ്ക്കും ഭർത്തൃപിതാവിനും മർദ്ദനമേറ്റതായി പരാതി. പടിഞ്ഞാറെ കോടിക്കുളം കരയാമ്പുറത്ത് ശിവദാസനും മരുമകൾ എം വിനീതയ്ക്കുമാണ് മർദ്ദനമേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
നഗരസഭ മുൻ വൈസ് ചെയർ പേഴ്സൺ, യുവതിയുടെ ഭർത്താവ്, കെട്ടിട ഉടമസ്ഥ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ബന്ധുക്കളാണ് പ്രശ്നമെന്നും അന്വേഷിക്കാൻ ചെല്ലുക മാത്രമാണ് വീട്ടുടമസ്ഥർ ചെയ്തതെന്നും മുൻ വൈസ് ചെയർപേഴ്സൺ ജെസി ജോണി പറഞ്ഞു. അതേസമയം വീട്ടിൽ പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് പാലിക്കാതെയാണ് ശിവദാസനും കുടുംബവും വ്യാജ പരാതി നൽകിയിരിക്കുന്നതെന്ന് പറയുന്നു.
ശനിയാഴ്ച വൈകിട്ടോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചെങ്ങാംതടത്തിൽ മാത്തുക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. ഇവിടെ ശിവദാസിന്റെ മകൻ നിഖിൽ കൗൺസലിംഗ് സെന്റർ നടത്തിയിരുന്നു. മാത്തുക്കുട്ടിയുടെ മരണ ശേഷം കെട്ടിടമൊഴിയണമെന്ന് മകൾ ആവശ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം കോടതിയിലെത്തി. കോടതി താത്കാലിക ഉത്തരവിട്ടു.