ന്യൂഡൽഹി: കുതിപ്പ് സൃഷ്ടിച്ച് സമ്പൂർണ തദ്ദേശീയ നിർമ്മിത ഡ്രോണായ തപസ്. പരീക്ഷണ പറക്കലിൽ 28,000 അടി ഉയരത്തിൽ 18 മണിക്കൂറുകളോളം ഇതിന് പ്രവർത്തിക്കാൻ കഴിഞ്ഞതായി പ്രതിരോധ സേന വ്യക്തമാക്കി. ഇടത്തരം ഉയരവും ദീർഘ ദൂര ക്ഷമതയുമുള്ള ഡ്രോൺ (Medium-altitude and long-endurance Drone) ആണ് തപസ്.
കർണാടകയിലെ ചിത്രദുർഗയിലെ എയർഫീൽഡിൽ നിന്ന് പറന്നതിന് ശേഷം ഏതാനും മണിക്കൂറുകളോളം അറബിക്കടലിന് മുകളിലൂടെ ഡ്രോൺ പ്രവർത്തിപ്പിച്ചു. തപസിന് പറക്കാൻ നീണ്ട റൺവേ ആവശ്യമില്ലെന്നും അതിനാൽ ദ്വീപ് പ്രദേശങ്ങളിലെ ചില ചെറിയ എയർഫീൽഡുകളിൽ നിന്ന് തപസ് പ്രവർത്തിപ്പിക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) തപസ് വികസിപ്പിക്കുന്നത്. എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എഡിഇ) ലബോറട്ടറിയിലാണ് തപസിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. കൂടുതൽ ഉയരവും മെച്ചപ്പെട്ട ക്ഷമതയും ഉറപ്പാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഘട്ടക് പോലുള്ള ആളില്ലാ യുദ്ധ വ്യോമ വാഹനങ്ങൾ, ആർച്ചർ പോലുള്ള പദ്ധതികൾ ഉൾപ്പെടെയുള്ള പ്രധാന ഡ്രോൺ പദ്ധതികളിൽ ഡിആർഡിഒ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.