ന്യൂഡൽഹി: കോടികൾ തട്ടി ഇന്ത്യയിൽ നിന്ന് മുങ്ങി വിദേശത്ത് സുഖവാസത്തിൽ കഴിയുന്ന വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്നതിനായി ദേശീയ അന്വേഷ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നിവരുടെ സംയുക്ത സംഘമാണ് യുകെയിലേക്ക് പോകുന്നത്.
കിംഗ്ഫിഷർ ഉടമ വിജയ് മല്യക്കും വജ്രവ്യാപാരി നീരവ് മോദിക്കും യുകെയിലും സമീപ രാജ്യങ്ങളിലുമുള്ള സ്വത്തുവകകൾ കണ്ടുകെട്ടാനാണ് അന്വേഷണ ഏജൻസികളുടെ നീക്കം. ഇതിന് മുന്നോടിയായി ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീണർ വഴി യുകെയിലെ ഭരണാധികാരികളുമായി ഇന്ത്യൻ സംഘം ചർച്ച നടത്തും. ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരിയെ തിരിച്ചെത്തിക്കാനും ശ്രമമുണ്ട്.
2016-ലായിരുന്നു സഞ്ജയ് ഭണ്ഡാരി ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഇഡി അന്വേഷണം തുടങ്ങിയതോടെ യുകെയിലേക്ക് മുങ്ങുകയായിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായി സഞ്ജയ് ഭണ്ഡാരി അടുത്ത ബന്ധം പുലർത്തിയിരുന്നതും വലിയ വിവാദമായിരുന്നു. മല്യ, നീരവ്, ഭണ്ഡാരി എന്നിവരുടെ ഇന്ത്യയിലെ സ്വത്തുവകകൾ സർക്കാർ ഏജൻസികൾ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്.















