കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ലഹരി കേസ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ച് ഡ്യൂട്ടി നൽകിയതാണ് പ്രതി ജയിൽ ചാടാൻ കാരണമെന്ന് കണ്ടെത്തി. ജയിലിലെത്തി നാല് മാസം തികയുന്നതിന് മുമ്പ് പുറത്തെ ജോലികൾ നൽകി എന്നതാണ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച.
പ്രതിക്കായി അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സുരക്ഷാ വീഴ്ചയിൽ ജയിൽ വകുപ്പ് അന്വേഷണം നടന്നിരുന്നു. അന്വേഷണ റിപ്പോർട്ട് നാളെ കൈമാറും
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഹർഷാദ് ജയിൽ ചാടിയത്. ജയിലിലെത്തി ഏതാനും നാളുകൾക്കകം തന്നെ വെൽഫയർ ഓഫീസിൽ ഹർഷാദിന് ഡ്യൂട്ടി നൽകി. ഗേറ്റിന് പുറത്ത് പത്രക്കെട്ടുകൾ എടുക്കാൻ വിട്ടതോടെ ഇയാൾ ജയിലിൽ നിന്നും മുങ്ങുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തി എന്നതാണ് ഹർഷാദിനെതിരെയുള്ള കേസ്. ഇയാൾക്കെതിരെ നിരവധി മോഷണ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.