ഒളിമ്പിക്സ് യോഗ്യത പോരാട്ടത്തിൽ ഇന്ത്യൻ ഹോക്കി വനിത ടീം സെമിയിൽ. കരുത്തരായ ഇറ്റലിയുടെ വല നിറച്ചാണ് ഇന്ത്യ എഫ്.ഐ.എച്ച് ഹോക്കി ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ സെമിയിൽ പ്രവേശിച്ചത്. 5-1 ആയിരുന്നു സ്കോർ. പൂൾ ബിയിൽ രണ്ടാമതയാണ് ഇന്ത്യയുടെ മുന്നേറ്റം. സെമിയിൽ ജർമ്മനിയാകും ഇന്ത്യയുടെ എതിരാളികൾ. ഫൈനലിലെത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പിക്കാനാകും.18നാണ് മത്സരം. അമേരിക്ക ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതിനാൽ ഇന്ത്യക്ക് ഒരു സമനില മാത്രം മതിയായിരുന്നു.
സലിമ ടെറ്റേ ആണ് നീലപ്പടയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഉദിതയാണ് വല കുലക്കിയത്. 38-ാം സെക്കൻഡിലായിരുന്നു മിന്നൽ ഗോൾ. എന്നാൽ ഉണർന്ന് കളിച്ച ഇറ്റലി അവരുടെ പ്രതിരോധം ശക്തമാക്കി. ഇതോടെ ഇന്ത്യയുടെ ആക്രമണത്തിന്റെ മുനയൊടിഞ്ഞു.
എന്നാൽ മൂന്നാം പാദത്തിൽ ദീപികയിലൂടെ ഇന്ത്യ ലീഡ് കൂട്ടി.മൂന്നാം ക്വാർട്ടർ അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ സലിമ അക്കൗണ്ട് തുറന്നു. പിന്നീട് നവനീതും ഉദിതയും സ്കോർ ചെയ്തതോടെ ഇന്ത്യ ഗോൾ എണ്ണം അഞ്ചാക്കി ഉയർത്തി. കളിതീരാൻ നിമിഷങ്ങളുള്ളപ്പോഴായിരുന്നു ഇറ്റലിയുടെ ആശ്വാസ ഗോൾ.