ന്യൂഡൽഹി: മനുഷ്യരോട് വികൃതി കാണിക്കുന്ന മൃഗങ്ങളിൽ കുരങ്ങുകൾ ഒട്ടും പിന്നിലല്ല. നാം പോകുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുരങ്ങുകൾ സ്ഥിരം സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ കാഴ്ചക്കാരോട് കുരങ്ങന്മാർ ഇടപഴകുന്ന കാഴ്ചയും സാധാരമാണ്. ഈയിടെ വൃന്ദാവനിലെത്തിയ വിനോദസഞ്ചാരികളോട് കുരങ്ങൻ കാണിച്ച വികൃതിയുടെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
കെട്ടിടത്തിന് മുകളിൽ രണ്ട് കുരങ്ങന്മാർ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഇവയിൽ ഒന്നിന്റെ കയ്യിൽ ഐഫോണുമുണ്ട്. താഴെ നിൽക്കുന്ന ജനക്കൂട്ടത്തിനിടയിലെ യുവാവിന്റെ ഫോണാണ് കുരങ്ങൻ തട്ടിപ്പറിച്ച് കൊണ്ടുപോയത്. കുരങ്ങിന്റെ കൈവശമുള്ള തന്റെ ഐഫോൺ തിരിച്ചുവാങ്ങാൻ യുവാവ് പഠിച്ച പണി മുഴുവൻ പയറ്റി. ഒടുവിൽ ഫ്രൂട്ടിയുടെ (ജൂസ്) ഒരു ചെറിയ കുപ്പിയെടുത്ത് കുരങ്ങിന്റെ അടുത്തേക്ക് യുവാവ് എറിഞ്ഞു. കുപ്പി പിടിക്കാൻ ശ്രമിച്ച കുരങ്ങന്റെ കയ്യിൽ നിന്നും ഐഫോൺ നിലത്ത് വീഴുകയും ചെയ്തു. ഇതോടെ യുവാവിന് തന്റെ ഫോൺ തിരികെ ലഭിച്ചു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
”ഫ്രൂട്ടി വിറ്റ് ഐഫോൺ വാങ്ങി” എന്ന തലക്കെട്ടോടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രചരിക്കുന്നത്. വൃന്ദാവനിലെ ശ്രീ രംഗനാഥ് മന്ദിറിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം.