ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്ന സലീമിന്റെ ആഗ്രഹം സഫലമാക്കി സുരേഷ് ഗോപി. മകൾ ഭാഗ്യയുടെ കല്യാണ തിരക്കിനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ സുരേഷ് ഗോപി അവസരമൊരുക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിലും ചിത്രം കൈമാറാൻ സാധിച്ചതിലുമുള്ള സന്തോഷം യുവതി പ്രകടിപ്പിച്ചു. ഒരു അച്ഛന്റെ തിരക്കിലും സമ്മർദ്ദത്തിനുമിടയിൽ തന്നെ പരിഗണിച്ചതിന് സുരേഷ് ഗോപിക്കും ജസ്ന നന്ദി പറഞ്ഞു.
“പ്രധാനമന്ത്രിക്ക് ഫോട്ടോ കൊടുക്കാൻ വേണ്ടിയും സുരേഷേട്ടന്റെ മകളുടെ കല്യാണം കാണാനും വേണ്ടിയാണ് ഗുരുവായൂർ അമ്പലത്തിൽ എത്തിയത്. രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് പ്രധാനമന്ത്രിക്ക് ചിത്രം നൽകിയത്. സ്വന്തം മകളുടെ വിവാഹമായിട്ടും ആ തിരക്കിനിടയിലാണ് എന്റെ ചിത്രം പ്രധാനമന്ത്രിക്ക് നൽകാൻ സുരേഷേട്ടൻ സഹായിച്ചത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. കല്യാണ തിരക്കിലും എന്റെ പേപ്പറുകളെല്ലാം ശരിയാക്കി തന്ന് പ്രധാനമന്ത്രിയ്‌ക്കരികിലെത്തിച്ചു”.
“ഒരുപാട് സന്തോഷമുണ്ട്. വലിയ ഒരു ആഗ്രഹമാണ് സഫലമായത്. ഭഗവാൻ ശ്രീകൃഷ്ണനെ വരച്ചു തുടങ്ങിയപ്പോൾ തൊട്ടുള്ള ആഗ്രഹമാണ് പ്രധാനമന്ത്രിക്ക് ഒരു ചിത്രം നൽകണമെന്നുള്ളത്. ആ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം കൊണ്ട് ഗുരുവായൂരിൽ ഒരു ഫോട്ടോ കൂടി ഞാൻ സമർപ്പിക്കും. സുരേഷേട്ടൻ എനിക്കൊരു സമ്മാനവും തന്നു. ഒരു സെറ്റ് സാരി. മകളുടെ വിവാഹം എന്നു പറയുന്നത് ഏതൊരാൾക്കും വലിയ ടെൻഷൻ ഉണ്ടാക്കുന്ന സമയമാണ്. അതിനിടെയാണ് സുരേഷേട്ടൻ നമ്മളെ പോലുള്ളവരെ പരിഗണിക്കുന്നത്”- ജസ്ന സലീം പറഞ്ഞു.