വിവാഹത്തിന് സഹായ വാഗ്ദാനം നൽകി സ്വർണം കൈക്കലാക്കി; പ്രതി പിടിയിൽ

Published by
Janam Web Desk

എറണാകുളം: ചേരാനെല്ലൂരിൽ മകളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടന മുഖേന സഹായിക്കാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചയാൾ അറസ്റ്റിൽ. നിർധന കുടുംബത്തിൽ നിന്നും മൂന്ന് പവന്റെ സ്വർണം കൈക്കലാക്കിയ കേസിലാണ് നടപടി. സംഭവത്തിൽ തൃശൂർ അവിയൂർ സ്വദേശി കുഞ്ഞുമോനെയാണ് അറസ്റ്റ് ചെയ്തത്.

കോതമംഗലം സ്വദേശിനിയുടെ വിവാഹത്തിന് സഹായവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചാണ് സ്വർണം തട്ടിയെടുത്തത്. യുവതിയുടെ അമ്മയെ ഇടപ്പള്ളിയിൽ വിളിച്ചു വരുത്തി സ്വർണം കൈക്കലാക്കുകയായിരുന്നു. സഹായം ലഭിക്കുന്നതിനായി നിശ്ചിത സ്വർണം പക്കലുണ്ടെന്ന് തെളിയിക്കണമെന്നും ഇതിനായി സ്വർണവും ബില്ലും കാണിക്കണമെന്നും ധരിപ്പിച്ചാണ് പ്രതി ഇവ കൈക്കലാക്കിയത്. സ്വർണം ലഭിച്ചതിന് പിന്നാലെ ഇയാൾ കടന്നു കളയുകയായിരുന്നു.

സമാനരീതിയിൽ പ്രതി പലയിടങ്ങളിൽ തട്ടിപ്പു നടത്തിയതായി പോലീസ് പറയുന്നു. വിദേശ ജോലി, വായ്പ, ചികിത്സാ സഹായം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തെറ്റിദ്ധരിപ്പിച്ചായിരുന്നു കബളിപ്പിക്കൽ. സലിം, ബഷീർ, റിയാസ് എന്നീ പേരുകളിലാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൈസൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Share
Leave a Comment