ലക്നൗ: അയോദ്ധ്യയിൽ ശ്രീരാമന്റെ ഐതിഹാസികമായ ജീവിതകഥ കോർത്തിണക്കികൊണ്ട് ഒരു വാക്സ് മ്യൂസിയം ഒരുങ്ങുന്നു. ശ്രീരാമന്റെ ജനനം മുതലുള്ള ജീവിത യാത്രയാണ് മ്യൂസിയത്തിൽ ഒരുക്കുന്നത്. യോഗി സർക്കാരിന്റെ സഹായത്തോടെ സുനിൽ വാക്സ് മ്യൂസിയമാണ് ഈ സവിശേഷ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് രാമായണ വാക്സ് മ്യൂസിയം നിർമ്മിക്കുന്നത്. 15,000 ചതുരശ്ര വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് മ്യൂസിയം നിർമ്മിക്കുന്നത്. വാത്മീകി രാമായണ രചനയിൽ നിന്ന് തുടങ്ങി രാമന്റെ ബാല്യകാലമുൾപ്പെടെയുള്ള ഐതിഹാസികമായ എല്ലാ സന്ദർഭങ്ങളും ചേർത്താണ് മ്യൂസിയം സജ്ജമാക്കുന്നത്. നാല് മാസമായി അയോദ്ധ്യയിൽ മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഉത്തർപ്രദേശിലുള്ള സൗകര്യങ്ങൾ മറ്റൊരു സംസ്ഥാനത്ത് പോയാലും ലഭിക്കില്ലെന്നും യോഗി സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സഹായവും മറ്റൊരിടത്ത് നിന്നും കിട്ടില്ലെന്നും സുനിൽ വാക്സ് മ്യൂസിയം എംഡി സുനിൽ കാന്തല്ലൂർ പറഞ്ഞു.