കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം തുടരട്ടെയെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. ഇഡിയുടെ അന്വേഷണം ആർക്കും മാറ്റിമറിക്കാനാവില്ല. അവർ അന്വേഷണം നടത്തുമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജി.സുധാകരൻ തുറന്നടിച്ചു.
ഞാൻ സഹകരണ വകുപ്പ് കൈകാര്യം ചെയ്തതാണ്. കരുവന്നൂരിൽ ഗുരുതര തട്ടിപ്പ് നടന്നുവെന്നതിൽ ഒരു തർക്കവുമില്ല. മുൻ മന്ത്രി എ.സി മൊയ്തീനും മന്ത്രി പി. രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ. കരവന്നൂരിൽ ക്രമക്കേട് നടന്നുവെന്നത് വസ്തുതയാണെന്നും മുൻ മന്ത്രി പറഞ്ഞു.
അതേസമയം എം.ടിയെ വിമർശിച്ചതിനെക്കുറിച്ചു സുധാകരൻ മറുപടി പറഞ്ഞു. എം.ടി പഠിപ്പിക്കേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും എം.ടി പ്രതികരിക്കേണ്ട പല കാര്യങ്ങളിലും പ്രതികരിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. എം.ടിയെ ചാരി ചില സാഹിത്യകാരന്മാർ ഷോ കാണിക്കുകയാണെന്നും സുധാകരൻ പറഞ്ഞിരുന്നു.