അൽ റയാൻ: എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് തോൽവി. ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ ഉസ്‌ബെക്കിസ്ഥാനോടാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ പരാജയം.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും വഴങ്ങിയത്. പ്രതിരോധത്തിലെ വീഴ്ചകളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാലാം മിനിറ്റിൽ അബോസ്‌ബെക്ക് ഫൈസുല്ലയേവും 18-ാം മിനിറ്റിൽ ഇഗോർ സെർജീവും ഇൻജ്വറി ടൈമിൽ (45+5) ഷെർസോഡ് നസ്രുല്ലോവുമാണ് ഉസ്‌ബെക്കിസ്ഥാനായി വലകുലുക്കിയത്.
ഫിഫ റാങ്കിംഗിൽ 25-ാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ 50 മിനിറ്റ് ഗോൾ വഴങ്ങാതെ നിന്ന ഇന്ത്യയുടെ പ്രതിരോധ നിരയ്‌ക്ക് ഇന്ന് തുടക്കം തന്നെ പാളി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയാണ് ഗ്രൂപ്പ് ബിയിലെ അവസാന സ്ഥാനക്കാർ. ഇതോടെ നോക്കൗട്ട് പ്രതീക്ഷകളും വെള്ളത്തിലായി.