ഹാലാസ്യ നാഥനായ സുന്ദരേശ ഭഗവാൻ ചേര രാജാവിന് കത്തെഴുതി സന്ദേശം നൽകിയ ലീലയാണ് ഇത്.
പാണ്ഢ്യരാജാവിനാൽ ആദരിക്കപ്പെട്ട ഭദ്രൻ രാജ്യസേവ അവസാനിപ്പിച്ചു. സുന്ദരേശാനുഗ്രഹം ലഭിച്ച അദ്ദേഹം രാപകൽ ഗാനാലാപനം കൊണ്ട് ഭഗവാനെ സേവിച്ചു, ഭഗവാനെ സന്തുഷ്ടനാക്കി. ഗംഗാജലം തുളുമ്പുന്ന രീതിയിൽ ശിരസാട്ടിക്കൊണ്ട് ഭഗവാൻ ഗാനം ആസ്വദിച്ചു. ഗാനാലാപനത്തിനുശേഷം സ്വഭവനത്തിലേക്ക് പോകുവാൻ തുടങ്ങിയപ്പോൾ മുമ്പിൽ അനേകം പണക്കിഴികൾ ഇരിക്കുന്നത് കണ്ടു. ഗാനമാസ്വദിച്ച ഭഗവാൻ സസന്തോഷം നൽകിയതായിരുന്നു അത്.
തുടർന്നുള്ള ഏതാനും ദിവസങ്ങളിലും ഗാനാലാപനത്തിനുശേഷം ഓരോ തരത്തിലുള്ള പാരിതോഷികങ്ങൾ അദ്ദേഹം കണ്ടു. സ്വർണാഭരണങ്ങൾ, പട്ടുകൾ, രത്നം പതിച്ച കണ്ണാടി, രത്ന നിർമ്മിതമായ പീഠം, എല്ലാം അവയിൽ ഉൾപ്പെടുന്നു. അവയെല്ലാം ആദരപൂർവ്വം സ്വീകരിച്ച ഭദ്രൻ സ്വന്തം ഭവനത്തിൽ കൊണ്ടുപോയി വിഭജിച്ച് യാചകർക്ക് നൽകി. അങ്ങനെ സർവ്വസവും തീർന്നു.
രാജാവിനെ സേവിക്കാതെ സുന്ദരേശ്വരനെ ഗാനാലാപനത്താൽ നിത്യവും ആദരപൂർവ്വം സേവിച്ചു. ദാനകർമ്മങ്ങൾ നിരന്തരം നിർവഹിച്ചുകൊണ്ടിരുന്നു. ഭദ്രനിൽനിന്ന് ദാനം സ്വീകരിക്കുവാൻ വീണ്ടും യാചകർ എത്തി. അവർക്ക് കൊടുക്കുവാൻ അദ്ദേഹത്തിന്റെ കൈവശമൊന്നും ഉണ്ടായിരുന്നില്ല. ഭദ്രൻ സുന്ദരേശനെ തന്നെ ശരണം പ്രാപിച്ചു. ഭഗവാന്റെ തൃപ്പാദങ്ങൾ മാത്രമാണ് ആശ്രയം എന്നും നേരിട്ടുകൊണ്ടിരിക്കുന്ന വിഷമാവസ്ഥയിൽ അനുഗ്രഹിക്കണമെന്നും പ്രാർത്ഥിച്ചു. അപ്പോൾ ഭക്തവത്സലനായ ഭഗവാൻ സ്വപ്നത്തിൽ ദർശനം നൽകിക്കൊണ്ട് ഇപ്രകാരം അറിയിച്ചു.
“ദാനശീലം നല്ലത് തന്നെയാണ് നിനക്ക് എന്നും ഐശ്വര്യം ഉണ്ടാകും, രാജമന്ദിരത്തിലുള്ള സ്വർണവും ധനവും ആണ് നിനക്ക് ഞാൻ നൽകിയത്.അവിടെ അവയിൽ കുറവ് വന്നതുകൊണ്ട് ഭണ്ഡാരം സൂക്ഷിപ്പുകാർ അവ കാണാതെ വിഷമിക്കുന്നു ഭണ്ഡാരം വെച്ചിരിക്കുന്ന ഗൃഹത്തിലെ വാതിലുകൾ തുറന്നിട്ടില്ല മുദ്രവച്ച് അടച്ചതിനു വ്യത്യാസമില്ല എങ്കിലും മോഷണം നടത്തിയത് ആരെന്നറിയുവാൻ എല്ലാവരും എന്നെ ആശ്രയിക്കുന്നു. ഇനിയും അവിടെ നിന്ന് എന്തെങ്കിലും എടുത്തു തന്നാൽ അത് നിന്റെ കൈവശം കാണുമ്പോൾ സംശയം കൊണ്ട് നിന്നെ ബന്ധിക്കും ഇതിനൊന്നും ഇടയാകാതെ ഒരു നല്ല വഴി പറഞ്ഞുതരാം ഇന്ന് ഞാൻ ഒരു പത്രം (കത്ത്) തരാം അത് ചേര രാജാവിന് കൊണ്ടുപോയി കൊടുക്കുക…”
ഇപ്രകാരം പറഞ്ഞതിനുശേഷം ഭദ്രന്റെ കയ്യിൽ എഴുത്ത് കൊടുത്തു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു., “സുന്ദരേശാ പ്രഭോ..!! ദയാനിധിയായ അങ്ങയുടെ പാദസേവയെ ഉപേക്ഷിച്ച് ഞാൻ രാജസേവയ്‌ക്ക് പോകുകയില്ല”. എന്റെ ആജ്ഞ അനുസരിക്കണം എന്ന ഭഗവത് വചനമാണ് ഭദ്രന് കേൾക്കുവാൻ കഴിഞ്ഞത്. സുന്ദരേശനെ ധിക്കരിച്ചാൽ ആപത്തുണ്ടാകുമെന്ന് ഭയന്ന ഭദ്രൻ എഴുത്ത് ആദരപൂർവ്വം വാങ്ങി. രണ്ടുമൂന്നു ദിവസത്തെ യാത്രയ്‌ക്കുശേഷം ചേരരാജ്യത്തിൽ പ്രവേശിച്ചു. ചേരരാജ്യത്തിലെ ഒരു ജീർണിച്ച സ്ഥലത്ത് സുന്ദരേശ്വരനെ ധ്യാനിച്ചുകൊണ്ട് ഭദ്രൻ നിശ്ചലനായിരുന്നു ഭസ്മരുദ്രാക്ഷാദികൾ ധരിച്ച് എത്തിയ നവാഗതനെ കുറിച്ച് അറിയുവാൻ കാണികൾക്ക് താൽപര്യമുണ്ടായി. അന്ന് രാത്രിയിൽ ചേര രാജാവ് ഒരു സ്വപ്നം കണ്ടു ഭഗവാൻ സ്വപ്നത്തിൽ കൂടി ഇങ്ങനെ പറഞ്ഞു..
“രാജാവേ എന്റെ ഒരു ഭക്തൻ നിന്റെ നഗരത്തിൽ വന്നിട്ടുണ്ട് അദ്ദേഹത്തെ സന്തോഷിപ്പിച്ച് തിരിച്ചയക്കണം.”
ചേര രാജാവ് മന്ത്രിമാരോട് ഈ സ്വപ്നവൃത്താന്തം അറിയിച്ചു..ചേര രാജ്യത്തിൽ എത്തിയിരിക്കുന്ന ശിവ ഭക്തനെ തന്റെ സമീപം കൊണ്ടുവരണമെന്ന് രാജാവ് ആവശ്യപ്പെട്ടു. നിശ്ചലനായി ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ഭക്തനെക്കുറിച്ച് അറിഞ്ഞപ്പോൾ രാജാവ് പെട്ടെന്ന് കാൽനടയായി ഭക്തന്റെ സമീപം എത്തി..
മഹേശനെ ധ്യാനിച്ചുകൊണ്ട് കർണാനന്ദകരമായ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്ന ഭദ്രനെ കണ്ടപ്പോൾ രാജാവ് സന്തുഷ്ടനായി സന്തോഷാധിക്യത്താൽ രാജാവിന്റെ കണ്ണുനിറയുകയും ദർശനം സാധിക്കാതെ ആവുകയും ചെയ്തു. ശിവ ഭക്തനായ അദ്ദേഹത്തിനോട് രാജാവ് ഇങ്ങനെ ചോദിച്ചു. “ശരീരത്തിൽ ഭസ്മാദികൾ ധരിച്ച അങ്ങ് ആരാണ്.? എവിടെനിന്നാണ് അങ്ങ് വന്നത്.? ഇവിടെ വന്നത് എന്തിനാണ്.? അങ്ങയുടെ ആഗ്രഹം എന്താണ്.??
ഉടൻ തന്നെ ഭദ്രൻ ഇങ്ങനെ മറുപടി നൽകി “രാജാവേ അങ്ങയെ ദർശിക്കുവാനാണ് ഞാൻ വന്നത്. എന്റെ കയ്യിൽ അങ്ങയ്‌ക്ക് വേണ്ടിയുള്ള ഒരു എഴുത്ത് ഉണ്ട്. അങ്ങ് ഇത് നോക്കുക. ” അദ്ദേഹം ആ എഴുത്ത് രാജാവിന് കൊടുത്തു. രാജാവ് അത് വായിച്ചു, അതിൽ എഴുതിയിരിക്കുന്നത് ഇതാണ്. “മധുരയിൽ എന്നെ സേവിച്ച ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഭദ്രന് നിന്നാൽ കഴിവുള്ള ധനം നൽകി തിരിച്ചയക്കണം”. സ്വപ്നദർശനം നൽകിയ ഭഗവാന്റെ തിരുമൊഴികൾ വായിച്ച് രാജാവിനുണ്ടായ സന്തോഷം വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ പറ്റുന്നതല്ല.
ഭദ്രനെ ആനപ്പുറത്ത് കയറ്റി ആദരപൂർവ്വം കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. കർമ്മങ്ങൾ നിർവഹിപ്പിച്ചതിനുശേഷം വിഭവസമൃദ്ധമായ ഭക്ഷണം നൽകി ഭഗവാനെ സേവിക്കുന്നതുപോലെ ഭദ്രനെയും രാജാവ് സേവിച്ചു. മുത്തുമാലകൾ ധനം വസ്ത്രം എന്നിവ ധാരാളം നൽകി. ശിവ ഭഗവാന് തുല്യനായ ഒരു ശിവഭക്തന്റെ കാലിലെ പൊടി തന്റെ മന്ദിരത്തിൽ വീഴുവാൻ ഇടയായത് പുണ്യമാണെന്ന് രാജാവ് വിശ്വസിച്ചു .അദ്ദേഹത്തിനോട് ഭദ്രൻ ഇങ്ങനെ പറഞ്ഞു
“രാജാവേ..!! ശിവഭക്ത..!! അങ്ങ് ഭാഗ്യവാനാണ് ബ്രഹ്മാവ് മുതൽ പിപീലിക (ഉറുമ്പ്) വരെയുള്ള സകല ജീവജാലങ്ങളുടെയും ഉള്ളിൽ ചിന്മയനായ ഭഗവാൻ വിളങ്ങുന്നു. പരമാത്മ സ്വരൂപന് ജാതിഭേദമില്ല. അതുകൊണ്ട് ലോകത്തിൽ ശ്രേഷ്ഠനായിട്ടും നികൃഷ്ടനായിട്ടും ആരുമില്ല. കാലതാമസം കൂടാതെ തിരിച്ചയക്കണമെന്നുള്ള ശിവാജ്ഞ ഉള്ളതുകൊണ്ട് ചേരരാജാവ് ഭദ്രന് പോകുവാനുള്ള അനുവാദം നൽകി. പ്രത്യേക പരിചാരകരെ കൊണ്ട് ധാരാളം ധനാധികൾ എടുപ്പിച്ചാണ് ഭദ്രനെ മധുരയിലേക്കയച്ചത്. അദ്ദേഹം മധുരയിൽ എത്തിയ ഉടൻ തന്നെ സുന്ദരേശ ഭഗവാനേ ദർശിച്ചു. ഭദ്രൻ പിന്നീട് സസന്തോഷം ജീവിച്ചു..
ദുഃഖങ്ങൾ മാറുവാനും മോക്ഷം ലഭിക്കുവാനും ഈ ലീലയുടെ പാരായണം കൊണ്ട് സാധിക്കും
അടുത്ത ഹാലാസ്യ മാഹാത്മ്യം 43 – ഭദ്രന് ഫലകദാനം.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















