കോഴിക്കോട്: കൂളിമാട്-എരഞ്ഞിമാവ് നിർമ്മാണം പൂർത്തിയായി ആറ് ദിവസത്തിനുള്ളിൽ റോഡ് തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസീയർ എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. ഇതിന് പുറമെ കരാറുകാരന്റെ ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കും.
നിർമ്മാണം പൂർത്തിയാക്കി ആറാം ദിവസം മുതൽ റോഡിന് കേടുപാടുകൾ സംഭവിച്ചു തുടങ്ങി. സംഭവത്തിന് പിന്നാലെ പൊതുമരാമത്ത് വിജിലൻസ് അന്വേഷണം നടത്തി. ആവശ്യമായ ക്ലീനിംഗ് ചെയ്യാതെ ടാറിട്ടതാണ് റോഡ് തകരാൻ കാരണമായതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസി.എഞ്ചിനീയർ പ്രസാദ്, ഓവർസീയർ പ്രവീൺ എന്നിവർക്കെതിരെയാകും വകുപ്പ് തല നടപടി. ഇരുവരെയും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും തീരുമാനമായി. റോഡ് പണി പൂർത്തിയാക്കിയ അനിൽകുമാർ എന്ന കരാറുകാരന്റെ ലൈസൻസാണ് ആറ് മാസത്തേക്ക് റദ്ദാക്കുന്നത്. കൂടാതെ തകർന്ന റോഡ് സ്വന്തം ചിലവിൽ അറ്റകുറ്റപ്പണി നടത്താനും ഉത്തരവിട്ടു.