ശൈത്യകാലത്ത് രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലായതിനാൽ തന്നെ ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രാധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. പ്രഭാതത്തിലെ ഇളംവെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നുവെന്ന് നമുക്ക് അറിയാം. എന്നാൽ ശൈത്യക്കാലത്ത് സൂര്യനിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡി പരിമിതമായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അങ്ങനെയാണെങ്കിൽ ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി എങ്ങനെ ലഭിക്കും? അറിയാം..
ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് നിയന്ത്രിക്കുന്ന വിറ്റാമിൻ ഡി എല്ലുകളും പല്ലുകളും ബലപ്പെടുത്താൻ സഹായിക്കുന്നു. സമ്മർദ്ദം, അമിതവണ്ണം, മുടിക്കൊഴിച്ചിൽ, വിഷാദരോഗം, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവ് മൂലം വരുന്ന രോഗങ്ങളാണ്. ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കാതിരിക്കുമ്പോൾ പെട്ടന്ന് പല്ലുകൾ പൊട്ടി പോവുക, എല്ലുകൾ ഒടിയുക തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടേക്കാം. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ഇനി പറയുന്ന ഭക്ഷണങ്ങൾ ശീലമാക്കാം.
പാൽ
പാൽ മികച്ചൊരു സമീകൃത ആഹാരമാണ്. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളും പല്ലുകളും ബലപ്പെടുത്താൻ സഹായിക്കുകയും വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുട്ട
മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി പ്രദാനം ചെയ്യുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങളുള്ളവർ ഇത് കഴിക്കുമ്പോൾ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
മത്സ്യം
സാൽമൺ പോലുള്ള മത്സ്യങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു.
കൂൺ വിഭവങ്ങൾ
കാത്സ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ തുടങ്ങി നിരവധി പോഷക ഘടകങ്ങളാണ് കൂണുകളിൽ അടങ്ങിയിരിക്കുന്നത്. ശൈത്യകാലത്ത് മിതമായ അളവിൽ കൂൺ വിഭവങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് നല്ലതാണ്.