ഭാരതം കാത്തിരിക്കുന്ന ദിനമാണ് ജനുവരി 22. അഞ്ച് നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നതിന്റെ സന്തോഷവും അഭിമാനവും ലോകരാജ്യങ്ങളിൽ പോലും പ്രകടമാണ്. വിശിഷ്ടമായ പലവിധ സമ്മാനങ്ങളാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അയോദ്ധ്യയുടെ പുണ്യഭൂമിയിലേക്ക് എത്തുന്നത്.
വ്യത്യസ്തമായൊരു ഓടക്കുഴൽ നിർമ്മിച്ചിരിക്കുകയാണ് കരകൗശല വിദഗ്ധരായ ഹിന പർവീൺ , ഷംഷാദ് അഹമ്മദ് , അർമാൻ നബി എന്നിവർ. പത്ത് ദിവസത്തെ അദ്ധ്വാനമാണ് ഇതിന് പിന്നിൽ. അയോദ്ധ്യയിലെ രാമക്ഷേത്ര മ്യൂസിയത്തിൽ സുപ്രധാന സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് മുസ്ലീം കരകൗശല വിദഗ്ധരുടെ കരവിരുത്.
ശ്രീരാമഭഗവാന്റെ ചിത്രം പതിച്ച വളകൾ മുതൽ 56 ഇനം പേഡകൾ വരെ അയോദ്ധ്യയിലേക്ക് എത്തി തുടങ്ങി. രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും പരമ്പരാഗത വസ്തുക്കളും രാമക്ഷേത്രത്തിലെത്തിയിട്ടുണ്ട്. കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഓണവില്ല്, ഗുജറാത്തിൽ നിന്ന് 500 കിലോഗ്രാം ഭാരം വരുന്ന നാഗഡ എന്ന പരമ്പരാഗത ഡ്രം, അയോദ്ധ്യയിലെ അമാവ് രാമക്ഷേത്രത്തിൽ നിന്ന് വില്ല് എന്നിവയും എത്തി.
കനൗജിൽ നിന്നുള്ള പ്രത്യേക പെർഫ്യൂമുകൾ, അമരാവതിയിൽ നിന്നുള്ള 500 കിലോഗ്രാം ‘കുങ്കം’ ഇലകൾ, ഡൽഹിയിലെ രാമക്ഷേത്രത്തിൽ ശേഖരിച്ച ധാന്യങ്ങൾ, ഭോപ്പാലിൽ നിന്നുള്ള പൂക്കൾ, മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്ന് 4.31 കോടി തവണ ‘ലോർഡ് റാം’ എന്നെഴുതിയ പേപ്പറുകൾ എന്നിവയും സമ്മാനപട്ടികയിൽ ഉൾപ്പെടുന്നു. 108 അടി നീളമുള്ള ചന്ദനത്തിരി, 2,100 കിലോഗ്രാം വരുന്ന മണി, 1,100 കിലോഗ്രാം ഭാരമുള്ള കൂറ്റൻ വിളക്ക്, സ്വർണ്ണ പാദരക്ഷകൾ, 10 അടി ഉയരമുള്ള പൂട്ടും താക്കോലും ഒരേസമയം മറ്റ് എട്ട് രാജ്യങ്ങളിലെ സമയം സൂചിപ്പിക്കുന്ന ഘടികാരം എന്നിങ്ങനെയുള്ള മറ്റ് വഴിപാടുകളും രാമക്ഷേത്ര ഭരണസമിതിക്ക് ലഭിച്ചിട്ടുണ്ട്.
സീതാദേവിയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന നേപ്പാളിലെ ജനക്പൂരിൽ നിന്ന് 3,000-ത്തിലധികം സമ്മാനങ്ങളാണ് എത്തിയിട്ടുള്ളത്. ജനക്പൂർ ധാം രാംജാനകി ക്ഷേത്രത്തിൽ നിന്ന് 30-ഓളം വാഹനവ്യൂഹത്തിലാണ് സമ്മാനങ്ങളെത്തിച്ചത്. വെള്ളി ചെരുപ്പുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, പഴങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന പൂന്തോട്ടമായ അശോക് വാതികയിൽ നിന്ന് ശ്രീലങ്കൻ പ്രതിനിധികളും പ്രത്യേക സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ഭോപ്പാലിലെ ഒരു നഴ്‌സറിയിൽ നിന്ന് ക്ഷേത്ര പരിസരം അലങ്കരിക്കാനായി 10,000 ബൊഗെയ്ൻവില്ല പൂക്കൾ വീതമുള്ള രണ്ട് ചരക്കുകളും രാമജന്മഭൂമിയിലേക്ക് അയച്ചു.
ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തയ്യാറാക്കിയ അഞ്ച് ലക്ഷം ലഡു, അഞ്ച് ട്രക്കുകളിലായി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. 50 ഗ്രാം ഭാരമാണ് ഒരു ലഡുവിനുള്ളത്. 250 ക്വിന്റൽ ചരക്കാണ് അയോദ്ധ്യയിലെത്തുക. മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും 200 കിലോഗ്രാം ലഡുകൾ വഴിപാടായി അയയ്‌ക്കുന്നുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷം ലഡുകളാണ് നൽകുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ 7,000 കിലോ “രാം ഹൽവ” തയ്യാറാക്കുമെന്ന് നാഗ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷെഫ് വിഷ്ണു മനോഹർ അറിയിച്ചു.
ഫിറോസാബാദിലെ ഹിന്ദു-മുസ്ലിം തൊഴിലാളികൾ മാസങ്ങളോളം അദ്ധ്വാനിച്ച് തയ്യാറാക്കിയ പതിനായിരത്തിലധികം വളകൾ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. വളകളിൽ ശ്രീരാമന്റെയും സീതാദേവിയുടെയും ഹനുമാന്റെയും ചിത്രങ്ങളാണുള്ളത്. രത്‌നങ്ങൾ പതിച്ച വസ്ത്രം, വെള്ളിത്തളികകൾ, തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ‘അത്തർ ഷമാമ’ എന്നിവയും സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.
ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ള സാരിയാണ് സൂറത്തിലൊരുങ്ങിയത്. പ്രത്യേക സാരി ക്ഷേത്ര അധികാരികൾക്ക് അയച്ചുകൊടുക്കും.
നഗരത്തിലെ വജ്രവ്യാപാരി 5,000 അമേരിക്കൻ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ച് രാമക്ഷേത്രം പ്രമോയമാക്കി മാല തയ്യാറാക്കിയിട്ടുണ്ട്. രാമനോടുള്ള അചഞ്ചലമായ ഭക്തിയും കർസേവകനായ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി ഹൈദരാബാദിൽ നിന്ന് 8,000 കിലോമീറ്റർ നടന്ന്, 64-കാരനായ ചള്ള ശ്രീനിവാസ് ശാസ്ത്രി സ്വർണ്ണം പൂശിയ പാദരക്ഷകളാണ് സമ്മാനിക്കുന്നത്.















