അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ വലിയ ആഘോഷങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നത്. രാമായണം പല തവണ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എത്തിയപ്പോൾ ഭഗവാൻ ശ്രീരാമന്റെ പ്രതിരൂപമായി വിസ്മയിപ്പിച്ച താരങ്ങളെക്കുറിച്ച് അറിയാം. ഇനിയും അഭ്രപാളിയിൽ ശ്രീരാമനായി കാത്തിരിക്കുന്ന നിരവധി സൂപ്പർ താരങ്ങളുണ്ട്.
രാമാനന്ദ് സാഗറിന്റെ രാമായണത്തിൽ മുതിർന്ന നടൻ അരുൺ ഗോവിലാണ് ശ്രീരാമനായി എത്തിയത്. താരത്തിന്റെ തുടക്ക നാളുകളിൽ വലിയൊരു പ്രക്ഷേക പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഇത്.
1997ൽ പുറത്തിറങ്ങിയ ലവകുശ് എന്ന ബോളിവുഡ് ചിത്രത്തിൽ ജിതേന്ദ്രയും രാമനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതേ വർഷം തന്നെ സൗത്ത് ഇന്ത്യയിൽ നിന്നെത്തിയ ബാലരാമായണം എന്ന ചിത്രത്തിൽ ശ്രീരാമന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഇന്നത്തെ തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻടിആർ ആണ്.
നിതീഷ് ഭരദ്വാജിന്റെ ശ്രീരാമന് പ്രത്യേകം ആരാധകർ തന്നെയുണ്ട്. 2002ലാണ് താരം ശ്രീരാമനായെത്തിയ ടെലിവിഷൻ സിരീസ് പ്രേക്ഷകരിലേക്ക് എത്തിയത്. ശ്രീരാമ കഥാപാത്രത്തിന് വലിയ പ്രശംസയാണ് നിതീഷിന് ലഭിച്ചത്. പിന്നീട് കൃഷ്ണനായി എത്തിയപ്പോഴും താരത്തിന് വലിയ പ്രേക്ഷക പ്രീതി നേടാനായി.
തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ രാമനായും നയൻതാര സീതയായും വലിയ പ്രശംസ നേടിയ ചിത്രമായിരുന്നു 2011 പുറത്തിറങ്ങിയ ശ്രീരാ രാജ്യം. ബാലയ്യയുടെ പ്രകടനം ബോക്സോഫീസിൽ മാത്രമല്ല നിരൂപ പ്രശംസയും നേടിയിരുന്നു.
2008 ൽ രാമായണം വീണ്ടും മിനി സ്ക്രീനിലെത്തിയപ്പോൾ ഗുർമീത് ചൗധരിയാണ് രാമനായെത്തിയത്. സീതയായി വേഷമിട്ട ഡെബീന ബാനർജിയെ തന്നെയാണ് ജീവിതത്തിലും ഗുർമീത് ഒപ്പംകൂട്ടിയത്. സീരിയൽ മലയാളത്തിലേക്ക് മൊഴിമാറിയെത്തിയപ്പോഴും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു.
2016ൽ തുടങ്ങിയ ടിവി സീരിയലിൽ ശ്രീരാമനായി വേഷമിട്ട ആശിഷ് ശർമ്മയും ശ്രദ്ധനേടിയിരുന്നു. ദേവോം കി ദോവ് മഹാദേവിൽ രാമനായെത്തിയ പീയുഷ് സഹദേവും വലിയ ജനപ്രീതി നേടിയിരുന്നു.
ശ്രീമദ് രാമായണിൽ ശ്രീരാമനായി വന്ന നടൻ സുജോയ് റേയും മിനിസ്ക്രീനിലിൽ വലിയ ഓളം സൃഷ്ടിച്ചു. 2025ൽ പുറത്തിറങ്ങുന്ന നിതേഷ് തിവാരിയുടെ രാമായണത്തിൽ രൺബീർ കപൂർ രാമനാകും എന്ന വാർത്തകളുമുണ്ട്.