കൊല്ലം: കൈക്കൂലി കേസിൽ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കുന്നതിനായി ഏജന്റിന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് കൈക്കൂലി അയപ്പിച്ച കേസിലാണ് നടപടി. സംഭവത്തിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ വിആർ ലിജിൻ, ഡ്രൈവർ എൻ അനിൽ കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിന്മേലാണ് നടപടി.
ഈ കഴിഞ്ഞ ജനുവരി നാലിനാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ 10.30-ന് പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികൾ എംവിഡി പിടികൂടി. കൊട്ടാരക്കര-ഓടനാവട്ടം റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവാഹനങ്ങളും പിടികൂടിയത്. പിന്നാലെ വൻ തുകയുടെ കരട് ചെല്ലാൻ തയാറാക്കി ഡ്രൈവർമാരെ വിരട്ടുകയായിരുന്നു.
ഒന്നര മണിക്കൂർ നീണ്ട സംസാരത്തിനൊടുവിൽ ഒത്തുതീർപ്പെന്ന നിലയിൽ 20,000 രൂപ ഏജന്റിന്റെ ഗൂഗിൾപേ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ കരട് ചെല്ലാൻ റദ്ദാക്കി. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒന്നരമണിക്കൂർ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തി. പിന്നാലെ പണം അയച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചതോടെയാണ് നിയമനടപടി സ്വീകരിച്ചത്.