ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻഭർത്താവ് ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹം നടന്ന കാര്യം ഇന്നാണ് പുറംലോകം അറിയുന്നത്. പലരും ഞെട്ടലോടെയാണ് ആ വാർത്ത ശ്രവിച്ചത്. പ്രതികരണങ്ങൾ പലതും പുറത്തുവന്നു. രണ്ടുവർഷത്തിലേറെയായി ഇരുവരുടെയും ബന്ധത്തിൽ ഉലച്ചിൽ തുടങ്ങിയിട്ട്.
ഇന്ന് രാവിലെയാണ് ഷൊയ്ബ് മാലിക് വിവാഹം കഴിഞ്ഞ വിവരം പങ്കുവച്ചുകൊണ്ട് നടി സന ജാവേദുമായുള്ള വിവാഹ ചിത്രം പങ്കുവച്ചത്. ഇതിനിടെ സാനിയയുടെ പിതാവ് ഇമ്രാൻ മിർസ വിവാഹ മോചനത്തിൽ പ്രതികരണവുമായി രംഗത്തുവന്നു. പിടിഐയോടായിരുന്നു മിർസയുടെ പ്രതികരണം. അതൊരു ഖുൽഅ് എന്നാണ് മിർസ വ്യക്തമാക്കിയത്.
മുസ്ലീം നിയമപ്രകാരം ഒരു സ്ത്രീക്ക് തന്റെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ സാധിക്കുന്ന ഒരു രീതിയാണ് ഖുൽഅ്. പുരുഷന്മാര് വിവാഹബന്ധം വേർപ്പെടുത്തുന്നതിന് ത്വലാഖ് (മൊഴി) ചൊല്ലുമ്പോള്‍ ഖുൽഅ് പ്രകാരം ജുഡീഷ്യറിക്ക് പുറത്തുവച്ച് സ്ത്രീക്കും വിവാഹമോചനം നേടാം. (ഉപാധികളോടെ വിവാഹ മോചനം നേടാം). എന്നാൽ ഭൂരിഭാഗം മുസ്ലീം വിഭാഗവും ഇത് അംഗീകരിക്കുന്നില്ല.
വരൻ നൽകിയ മഹര്‍ (വിവാഹമൂല്യമായി നല്കുന്ന സ്വര്‍ണം) തിരികെ നൽകിയാണ് ഇവിടെ ഖുൽഅ് അനുവദിക്കുന്നത്. ദാമ്പത്യ ബന്ധം ഒരുവിധത്തിലും തുടർന്നുകൊണ്ടുപോകാൻ അസാധ്യമാവുന്ന സാഹചര്യത്തിലാണ് ഖുൽഅ് വഴി വിവാഹമോചനം നേടുന്നത്. ഇതിന് വേണ്ടി കോടതിയെ സമീപേക്കണ്ട ആവശ്യമില്ല. ഖുൽഅന് മുമ്പ് അനുരഞ്ജന ശ്രമം ഉണ്ടായിരിക്കണം. വേണമെങ്കിൽ ഇക്കാര്യം കോടതിയെ അറിയിക്കുകയും അംഗീകാരം നേടുകയും ചെയ്യാം എന്നും കോടതികൾ പല ഘട്ടത്തിൽ നിരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ വലിയ ഉപാധികളാണ് ഇതിന് മുന്നോട്ടുവയ്ക്കുന്നത്.