കെബി ഗണേഷ് കുമാറിനെ തള്ളി കെഎസ്ആർടിസിയും! ഇ- ബസുകൾ ലാഭത്തിൽ

Published by
Janam Web Desk

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെ തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിൽ സർവ്വീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ വാദം ശരിയല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇലക്ട്രിക് ബസുകൾ ലാഭത്തിലാണ് സർവ്വീസ് നടത്തുന്നത്. കിലോമീറ്ററിന് ശരാശരി 8.21 രൂപ ഇ- ബസുകൾക്ക് ലാഭമുണ്ട്. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ നൽകുന്ന റിപ്പോർട്ടിൽ ഈ കണക്കുകളാകും ഉൾപ്പെടുത്തുകയെന്നാണ് സൂചന.

ഇ- ബസുകൾ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനം കൃത്യമായ പഠനം നടത്താതെയാണെന്നത് വ്യക്തമാണ്. ഒരു കോടി മുടക്കി സിറ്റി സർക്കുലർ സർവ്വീസുകൾക്കായി ഇലക്ട്രിക് ബസുകൾ വാങ്ങില്ല. പകരം നാല് ഡീസൽ വണ്ടികൾ വാങ്ങാമെന്നുള്ള മന്ത്രിയുടെ തീരുമാനം തിരുത്തേണ്ടി വരും.

പ്രധാനമന്ത്രി ഇ-സേവ ബസ് പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല. 950 ഇ-ബസുകളാണ് പദ്ധതിയിലൂടെ ലഭിക്കുക. ഈ ബസുകൾ ലഭിച്ചാൽ 15 കോടിയെങ്കിലും മാസം ലാഭിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

Share
Leave a Comment