ഗാന്ധിനഗർ: കഴിഞ്ഞ 20 വർഷത്തിനിടെ ഗുജറാത്ത് ആരോഗ്യ രംഗത്ത് വൻ പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് ഒരു മെഡിക്കൽ ഹബ്ബായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന ആരോഗ്യ സംരക്ഷണ മാതൃകകളാണ് ഗുജറാത്ത് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗുജറാത്തിലെ ഖോദൽദാം ട്രസ്റ്റ് ക്യാൻസർ ആശുപത്രിയുടെ ശിലാ സ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കഴിഞ്ഞ 20 വർഷത്തിനിടെ ഗുജറാത്ത് ആരോഗ്യ രംഗത്ത് വൻ പുരോഗതിയാണ് കൈവരിച്ചത്. രാജ്യത്തിലെ ഒരു മെഡിക്കൽ ഹബ്ബായി തന്നെ മാറിയിരിക്കുകയാണ് നമ്മുടെ ഈ നഗരം. 2002 വരെ ഇവിടെ 11 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 40 എണ്ണമായി ഉയർത്താൻ നമുക്ക് സാധിച്ചു. ഇതിനുപുറമെ മെഡിക്കൽ കോളേജുകളിലെ സീറ്റുകളുടെ എണ്ണത്തിലും വർദ്ധനവ് വരുത്താൻ സാധിച്ചിട്ടുണ്ട്.”- പ്രധാനമന്ത്രി അറിയിച്ചു.
ജനങ്ങൾക്ക് വേണ്ടി 1.5 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളാണ് കേന്ദ്ര സർക്കാർ നിർമ്മിച്ചിരിക്കുന്നത്. ക്യാൻസർ ബാധിതരായ രോഗികൾക്ക് ആശുപത്രികളിൽ ബുദ്ധിമുട്ടുകൾ വരരുതെന്ന് കേന്ദ്രസർക്കാർ പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ 9 വർഷത്തിനിടെ 30 പുതിയ ക്യാൻസർ ആശുപത്രികളാണ് നിർമ്മിച്ചതെന്നും 10 ആശുപത്രികൾ കൂടി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ആരോഗ്യത്തിനും ജീവനുമാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നത്. രോഗബാധിതരായ പാവപ്പെട്ട ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ്മാൻ ഭാരത് യോജന പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ 6 കോടിയിലധികം ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അർഹതപ്പെട്ടവരിലേക്ക് സഹായങ്ങൾ എത്തിക്കാൻ കേന്ദ്രസർക്കാർ നിരന്തരം പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.















