അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എൻഎസ്ജി സ്നൈപ്പർമാരുടെ രണ്ട് സംഘങ്ങളേയും എടിഎസ് കമാൻഡോകളുടെ ആറ് സംഘങ്ങളേയും യുപിയിൽ നിന്നുള്ള 15,000 പോലീസ് ഉദ്യോഗസ്ഥരും അർദ്ധസൈനിക വിഭാഗങ്ങളേയുമാണ് ഇന്ന് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിൽ മാത്രം ഹൈ റെസല്യൂഷനിലുള്ള 250 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതൽ അയോദ്ധ്യാ നഗരത്തിലുടനീളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ട്. നഗരത്തിൽ ക്രമാതീതമായ തിരക്ക് ഒഴിവാക്കുന്നതിനാണ് നീക്കം. ക്ഷണിക്കപ്പെട്ട അതിഥികളുടേയതും പാസ് ഉള്ളതുമായ അംഗീകൃത വാഹനങ്ങളേയും മേഖലയിലേക്ക് കടത്തിവിടും. ക്ഷണിക്കപ്പെട്ട അതിഥികൾക്കായി അവരുടെ വാഹനങ്ങൾ സുഗമമായി കടന്നു പോകുന്നതിനായി റൂട്ട് പ്ലാൻ തയ്യാറാക്കി നൽകിയിട്ടുണ്ട്.
10,715 എഐ ക്യാമറകളാണ് അയോദ്ധ്യാ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. മൈനുകളോ സ്ഫോടക വസ്തുക്കളോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആന്റി മൈൻ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. ത്രിതല സുരക്ഷയാണ് അയോദ്ധ്യയിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ സുരക്ഷാ ഭീഷണികളെയും പ്രതിരോധിക്കാൻ സാധ്യമായ മുൻകരുതലുകൾ എല്ലാം സ്വീകരിച്ചുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.