അബുദാബിയിൽ നിന്നെത്തിയ യുവതിയിൽ നിന്ന് 50 ലക്ഷത്തോളം വിലമതിക്കുന്ന സ്വർണം പിടികൂടി. ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി സാനിട്ടറി പാഡിൽ ഒളിപ്പിച്ചു കടത്താനാണ് യുവതി ശ്രമിച്ചത്. 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 736.36 ഗ്രാമാണ് പിടികൂടിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. അഹമ്മദബാദിൽ ഒരാഴ്ചയ്‌ക്കിടെയുള്ള രണ്ടാമത്തെ കടത്തിനുള്ള ശ്രമമാണിത്. യുവതിയെ ചോദ്യം ചെയ്യുന്ന കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കടത്തിന് എത്ര രൂപയാണ് കമ്മിഷനെന്നും ആരാണ് പിന്നിലെന്നുമുള്ള ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
കടത്തിന് പിന്നിൽ വലിയ കണ്ണികളുണ്ടെന്നാണ് വിവരം. കൂടുതൽ പരിശോധന നടത്തുമെന്ന് കസ്റ്റംസിന്റെ വിജിലൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്.















