അയോദ്ധ്യയിലെ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് എത്തിയത്. കന്നട സിനിമാ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും ചടങ്ങിൽ പങ്കെടുക്കാനായി അയോദ്ധ്യയിലെത്തിയിരുന്നു. രാംലല്ലയെ ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഭാര്യക്കൊപ്പമായിരുന്നു അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്.
‘500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു… എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു’ എന്നായിരുന്നു രാമക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.
പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനായി ശനിയാഴ്ചയായിരുന്നു ഋഷബ് അയോദ്ധ്യയിലെത്തിയത്. ശനിയാഴ്ച ഇരുവരും ഹനുമാൻ ഗാർഹിയിലും സന്ദർശനം നടത്തിയിരുന്നു.
പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഋഷഭിന്റെ വീട്ടിലും ആഘോഷങ്ങൾ നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികളുടെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
‘ബാലരാമൻ തന്റെ മന്ദിരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ഞങ്ങളുടെ കുട്ടികളും’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. ബജ്‌രംഗ് ബലിയുടെ പതാകകൾ പിടിച്ചു നിൽക്കുന്ന മക്കളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ കാണാം.
സിനിമാ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കങ്കണ റണാവത്ത്, മധുര് ഭണ്ഡാർക്കർ, അനുപം ഖേർ, ചിരഞ്ജീവി, സച്ചിൽ തെൻഡുൽക്കർ, രവീന്ദ്ര ജഡേജ, ധനുഷ്, രാംചരൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കായികം, സിനിമാ, കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളിലെ 8,000-ത്തിലധികം വിശിഷ്ടാതിഥികളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അയോദ്ധ്യയിലെത്തിയിരുന്നു.