എറണാകുളം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. കോതമംഗലം സ്വദേശി പീറ്റർ ദേവസിയാണ് പിടിയിലായത്. മുക്കുപണ്ടം പണയം വച്ച സ്ഥാപനത്തിൽ ആഭരണങ്ങൾക്കു പുറമെ ഇയാൾ നൽകിയ ആധാറും വ്യാജമാണെന്ന് പോലീസ് പറഞ്ഞു.
കൂത്താട്ടുകുളത്തെ ഒരു സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിലായിരുന്നു ഇയാൾ രണ്ട് വളകൾ പണയം വച്ച് 64,000 രൂപ കൈക്കലാക്കിയത്. രേഖയായി ആധാർ കാർഡും ഇയാൾ സ്ഥാപനത്തിൽ സമർപ്പിച്ചിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ പ്രധാന ശാഖയിൽ നിന്നും ഓഡിറ്റർ എത്തി സ്വർണം പരിശോധിക്കുന്നതിനിടെയാണ് ഇയാൾ നൽകിയത് മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് ഇയാൾ നൽകിയ ആധാർ കാർഡിലുള്ള നമ്പറിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഇത്തരത്തിൽ നിവധി തട്ടിപ്പു കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.















