പാൽ ഒരു സമീകൃത ആഹാരമാണെന്ന് നമുക്ക് അറിയാം. മറ്റു ഭക്ഷണങ്ങളൊന്നും കഴിച്ചില്ലെങ്കിലും ഒരു നേരം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ തന്നെ ശരീരത്തിലേക്കാവശ്യമായ ഘടകങ്ങൾ ഇത് പ്രദാനം ചെയ്യും. രാവിലെയും രാത്രിയും പാൽ കുടിച്ച് ശീലമായവരും നമ്മുടെ കൂട്ടത്തിലുണ്ടാകും. പാലിൽ ഒരുപാട് പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമാവുന്നത് ശരീരത്തിന് നല്ലതല്ലെന്നും വിദഗ്ധർ പറയുന്നു.
അധികമായാൽ അമൃതും വിഷമെന്നു കേട്ടിട്ടില്ലേ? അതുപോലെ തന്നെയാണ് പാലിന്റെ കാര്യവും. അമിത ഭാരമുള്ളവർ പാൽ സ്ഥിരമായി കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നതാണ്. എന്നാൽ ശരീരഭാരം അധികമില്ലാത്ത വ്യക്തികൾ ദിവസവും പാൽ കുടിക്കുന്നത് വയർ നിറഞ്ഞതു പോലെ തോന്നിപ്പിക്കുകയും ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനുമിടയാക്കുന്നു. ദിവസവും പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനു പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിനും പക്ഷാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങൾ വരാനുമുള്ള സാധ്യതകൾ കുറയ്‌ക്കുന്നു.
എന്നാൽ ഒരളവിൽ കവിഞ്ഞ് പാൽ കുടിക്കുന്നത് സ്ത്രീകളിൽ അസ്ഥി ഒടിവുകൾക്കും കൗമാരപ്രായക്കാരിൽ മുഖക്കുരുവിനും കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കാത്സ്യം ധാരാളം അടങ്ങിയതിനാൽ കൂടിയ അളവിൽ പാൽ കുടിക്കുന്നത് പ്രോസ്‌റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കുട്ടികളിൽ അലർജി പ്രശ്‌നങ്ങൾക്കും പാൽ വഴിവയ്‌ക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.















