തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ തല്ലിചതച്ച ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ ഒടുവിൽ നടപടി. ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കാണ് കേസെടുത്ത് ഒരു മാസത്തിന് ശേഷം നോട്ടീസ് നൽകിയത്. വരുന്ന തിങ്കളാഴ്ച ഹാജരാകാനാണ് നിർദ്ദേശം. കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് പോലീസ് കേസെടുക്കാൻ നിർബന്ധിതരായത്.
ആലപ്പുഴ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ നിന്ന് പ്രതിഷേധക്കാർ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പോലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ജീവൻ രക്ഷാപ്രവർത്തനത്തിന് എത്തിയതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴയില്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ യൂണിഫോമിട്ട പോലീസുകാരാണ് തടഞ്ഞത്. ഇവരെ ഗണ്‍മാന്‍ മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്നും അംഗരക്ഷകര്‍ തനിക്കൊന്നും സംഭവിക്കാതിരിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.