ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ വിരാട് കോലിക്ക് പകരം രജത് പട്ടീദാർ ടീമിൽ. ബിസിസിഐയാണ് രജതിനെ ടീമിൽ ഉൾപ്പെടുത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്. കളിക്കാൻ അവസരം ലഭിച്ചാൽ പട്ടീദാർ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ ഡിസംബർ 21ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാമത്തെ ഏകദിനത്തിലാണ് താരം അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ട് എയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ എ ടീമിനായി 151 റൺസ് നേടിയിരുന്നു.
വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരാട് കോലി പിന്മാറിയത്. നായകൻ രോഹിത് ശർമ്മ, ടീം മാനേജ്‌മെന്റ്, സെലക്ടർമാർ എന്നിവരുമായി സംസാരിച്ചതിന് ശേഷമായിരുന്നു കോലിയുടെ പിന്മാറ്റം. രഞ്ജി ട്രോഫിയിൽ മികച്ച ഫോമിൽ തുടരുന്ന ചേതേശ്വർ പൂജാരയെ വിരാടിന് പകരക്കാരനായി പരിഗണിക്കാതെയാണ് പട്ടീദാറിന് അവസരം നൽകിയത്. നേരത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്കും താരത്തെ പരിഗണിച്ചിരുന്നില്ല. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.















