സിനിമകളെ മോശമായി ചിത്രീകരിക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ടെന്ന് മോഹൻലാൽ. ഒടിയൻ എന്ന സിനിമ എന്ത് കൊണ്ട് ഓടിയില്ല എന്നത് ഒരു പഠനമായി എടുക്കാൻ കഴിയുന്നതാണെന്നും മോഹൻലാൽ പറഞ്ഞു. മലൈക്കോട്ടൈ വാലിബൻ എങ്ങനെയായിരിക്കും ജനങ്ങൾ സ്വീകരിക്കുന്നതെന്ന് ഒരിക്കലും പറയാൻ സാധിക്കില്ലെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു മോഹൻലാൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഒടിയനും മലൈക്കോട്ടൈ വാലിബനും രണ്ട് സിനിമയാണ്. ഒരു സിനിമയെയും മോശം സിനിമയായി ഞാൻ കണക്കാക്കുന്നില്ല. ആൾക്കാർക്ക് സിനിമ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോയെന്ന് എനിക്കൊരിക്കലും പറയാൻ സാധിക്കില്ല. പിന്നെ, ചില സിനിമകളെ മനപൂർവ്വം ഇഷ്ടമില്ലാത്തതായി തീർക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഇവിടെയുണ്ട്.
ഒടിയനെന്ന് പറയുന്ന സിനിമയും ഒരു മാജിക്കിന്റെ കഥയാണ്. ആ സിനിമ എന്ത് കൊണ്ട് ഓടിയില്ല എന്നുള്ളത് ഒരു പഠനമായി എടുക്കാൻ കഴിയുന്നതാണ്. ഒരു പക്ഷെ, അതിന്റെ ക്ലൈമാക്സ് ഇഷ്ടമില്ലാത്തത് കൊണ്ടാകാം. പ്രേക്ഷകർക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം അതിന്റെയുള്ളിൽ ഉള്ളതുകൊണ്ടാണ് ഒടിയൻ ആളുകൾക്ക് ഇഷ്ടമാകാത്തത്.
മലൈക്കോട്ടൈ വാലിബനിൽ അത്തരം കുഴപ്പങ്ങൾ ഉണ്ടാകുമോയെന്ന് എനിക്കൊരിക്കലും ഇപ്പോൾ പറയാൻ സാധിക്കില്ല. ഞങ്ങളുടെ കാഴ്ചപ്പാടിൽ ഇത് നല്ല സിനിമയാണ് ഒടിയനും നല്ലൊരു സിനിമയായിരുന്നു. കാരണം, എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വിസിക്കുന്ന ഒരാളാണ് ഞാൻ. ലോകത്തുള്ള എത്രയോ നല്ല സംവിധായകരുടെ സിനിമകൾ വിജയിക്കാതിരുന്നിട്ടുണ്ട്.’-മോഹൻലാൽ പറഞ്ഞു.















