ന്യൂഡൽഹി: നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ആർക്കൈവൽ സ്റ്റഡീസ്, ആർക്കൈവ്സ് മാനേജ്മെന്റിൽ നടത്തുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രവേശനത്തിന് അവസരം.ഫെബ്രുവരി 27 മുതൽ ഏപ്രിൽ അഞ്ച് വരെയാകും കോഴ്സ് നടക്കുക. രേഖകളുടെ സമ്പാദനം, ക്രമീകരണം, തിരിച്ചെടുക്കൽ എന്നീ രീതികളെക്കുറിച്ച് വിദ്യാർത്ഥികളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പ്രൈവറ്റ്, സ്പോൺസേർഡ് എന്നീ വിഭാഗങ്ങളിലാകും പ്രവേശനം ലഭ്യമാകുക. 50 ശതമാനം വിജയത്തിൽ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാനാകുക. പ്രൈവറ്റ് അപേക്ഷകരുടെ പ്രായം 30 വയസിൽ താഴെയും സ്പോൺസേർഡ് വിഭാഗക്കാരുടെ പ്രായം 50 വയസിൽ താഴെയുമായിരിക്കണം. അപേക്ഷാഫോം ഉൾപ്പെടുന്ന പ്രവേശനവിജ്ഞാപനം nationalarchives.nic.in -ൽ ‘വാട്സ് ന്യൂ’ ലിങ്കിൽ ലഭിക്കും. 100 രൂപയാണ് അപേക്ഷാ ഫീസ്.
ഡയറക്ടർ ജനറൽ ഓഫ് ആർക്കൈവ്സ്, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ ന്യൂഡൽഹി എന്ന പേരിൽ ഡ്രാഫ്റ്റ്-ബാങ്കേഴ്സ് ചെക്ക്-ഇന്ത്യൻ പോസ്റ്റർ ഓർഡർ മുഖേന ഫീസ് അടയ്ക്കാം.ഓൺലൈൻ മുഖേന ഫീസ് അടയ്ക്കാനോ അപേക്ഷ നൽകാനോ പാടില്ല.