തൃശൂർ: രാമായണത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് സിപിഐ നേതാവും എംഎൽഎയുമായ പി. ബാലചന്ദ്രൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് പി ബാലചന്ദ്രൻ പോസ്റ്റ് പങ്കുവച്ചത്. രാമായണത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗം വളച്ചൊടിച്ച് മോശമായി ചിത്രീകരിച്ചെന്നും അനീഷ്കുമാർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശമാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്നും മനപൂർവ്വം കലാപം സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മതവികാരം വ്രണപ്പെടുത്തിയതിനെതിരെ ഇന്ന് വൈകിട്ട് എംഎൽഎ ഓഫീസിലേക്ക് മാർച്ച് ബിജെപി മാർച്ച് നടത്തും. പി. ബാലചന്ദ്രനെതിരെ കമ്മീഷണർക്ക് പരാതി നൽകിയതായും അനീഷ്കുമാർ പറഞ്ഞു. ബാലചന്ദ്രൻ ചെയ്തത് ഭരണഘടനാ ലംഘനവും നിയമവ്യവസ്ഥയ്ക്കെതിരെയുള്ള വെല്ലുവിളിയുമാണ്. മത ഭീകരവാദികളെ പ്രീതിപ്പെടുത്താനുള്ള സമീപനമാണ് ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കണ്ടതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. പി. ബാലചന്ദ്രൻ എംഎൽഎ സ്ഥാനമൊഴിയണമെന്നും ഇയാൾക്കെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും അനീഷ്കുമാർ അറിയിച്ചു.